ജില്ലയിൽ നിന്നും 687 അതിഥി തൊഴിലാളികൾ ജാർഖണ്ഡിലേക്ക് മടങ്ങി

post

പാലക്കാട്: ജില്ലയിൽ നിന്നും 687 അതിഥി തൊഴിലാളികൾ കൂടി ഇന്നലെ (മെയ്‌ 30) വൈകീട്ട് 7. 30 ന് ജാർഖണ്ഡിലേയ്ക്ക് തിരിച്ചു. എറണാകുളത്ത് നിന്നും (പാലക്കാട് വഴി) ജാർഖണ്ഡിലേക്ക് പോകുന്ന ട്രെയ്നിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് തൊഴിലാളികൾ യാത്ര തിരിച്ചത്. മണ്ണാർക്കാട് താലൂക്കിൽ നിന്നും 503 , പാലക്കാട് താലൂക്കിൽ നിന്ന് 184 പേർ ഉൾപ്പടെ 687 തൊഴിലാളികൾ  ജില്ലയിൽ നിന്നും മടങ്ങി.

തൊഴിലാളികളെ കെ.എസ്.ആർ.ടി.സി. ബസുകളിലാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത് . താലൂക്കടിസ്ഥാനത്തിലുള്ള കേന്ദ്രങ്ങളില്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ച് ശരീരതാപനില അളക്കുകയും മറ്റ് അസുഖങ്ങള്‍, രോഗ ലക്ഷണങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വിട്ടയച്ചത്. നാട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷ്യകിറ്റും ഉറപ്പുവരുത്തിയിരുന്നു.

ജില്ലയിൽ നിന്നും ട്രെയിൻ മാർഗം സ്വദേശത്തേക്ക് മടങ്ങിയത് 7177 അതിഥി തൊഴിലാളികൾ

കോവിഡ് 19 ന്റെ ഭാഗമായി ലോക്ക് ഡൗണിനെ തുടർന്ന് ജില്ലയിൽ നിന്നും ട്രെയിൻ മാർഗം ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത് 7177 അതിഥി തൊഴിലാളികൾ. മെയ് ആറിന് പാലക്കാട് നിന്നും ഒഡീഷയിലേക്ക് പോയ ട്രെയിനിൽ 1208 തൊഴിലാളികൾ, മെയ് 20 ന് പാലക്കാട് നിന്നും ഉത്തർപ്രദേശിലേക്ക് 1435, മെയ് 21 ന് തിരുവനന്തപുരത്തു നിന്നും പാലക്കാട് വഴി ജാർഖണ്ഡിലേക്ക് പോയ ട്രെയിനിൽ 615, മെയ് 23 ന് തിരുവനന്തപുരത്തു നിന്നും - രാജസ്ഥാനിലേക്ക് പോയ ട്രെയിനിൽ 298, പാലക്കാട് - ബീഹാർ ട്രെയിനിൽ 1475, മെയ് 24 ന് തിരുവനന്തപുരം - മിസ്സോറാം ട്രെയിനിൽ 54, കോഴിക്കോട് - ഉത്തരാഖണ്ഡ് ട്രെയിനിൽ 20 , മെയ് 25 ന് തിരുവനന്തപുരം - ചത്തീസ്ഖണ്ഡ് ട്രെയിനിൽ 87, എറണാകുളം - ജയ്പൂർ ട്രെയിനിൽ 139, മെയ് 27 ന് പാലക്കാട് - ബീഹാർ ട്രെയിനിൽ 953, മെയ് 28ന് തിരുവനന്തപുരം - അഗർത്തല ട്രെയിനിൽ 97 , മെയ് 29 ന് തിരൂർ - ജാർഖണ്ഡ് ട്രെയിനിൽ 109, ഇന്നലെ (മെയ് 30) എറണാകുളം ട്രെയിനിൽ 687 പേർ ഉൾപ്പടെ 7177 അതിഥി തൊഴിലാളികളാണ് ട്രെയിൻ മാർഗം ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത്.