'ഫസ്റ്റ്ബെല്‍' ക്ലാസുകളുടെ ഇന്നത്തെ (ജൂണ്‍ 1) ടൈംടേബിള്‍

post

തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ക്ലാസുകളുടെ ഇന്നത്തെ (ജൂണ്‍ 1) വിഷയം തിരിച്ചുള്ള ടൈംടേബിള്‍ ആയി. ഓരോ വിഷയത്തിനും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്.

പ്ലസ് ടു ക്ലാസിന് രാവിലെ 08.30 ന് ഇംഗ്ലീഷും 09.00 ന് ജിയോഗ്രഫിയും 09.30 ന് മാത്തമാറ്റിക്സും 10.00 ന് കെമിസ്ട്രിയും 10.30 ന് ഒന്നാം ക്ലാസിന് പൊതുവിഷയവും ആയിരിക്കും.  പത്താം ക്ലാസിന് 11.00 ന് ഭൗതികശാസ്ത്രവും 11.30 ന് ഗണിതശാസ്ത്രവും 12.00 ന്് ജീവശാസ്ത്രവും ക്ലാസുകള്‍ സംപ്രേഷണം ചെയ്യും.

പ്രൈമറി വിഭാഗത്തില്‍ രണ്ടാം ക്ലാസിന് 12.30 ന് പൊതുവിഷയവും മൂന്നാം ക്ലാസിന് ഒരു മണിയ്ക്ക് മലയാളവും നാലാം ക്ലാസിന് 01.30 ന് ഇംഗ്ലീഷും  സംപ്രേഷണം ചെയ്യും.  അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളം ഉച്ചയ്ക്ക് യഥാക്രമം 02.00, 02.30, 03.00 മണിയ്ക്ക് സംപ്രേഷണം ചെയ്യും. എട്ടാം ക്ലാസിന് വൈകിട്ട് 3.30 ന് ഗണിതശാസ്ത്രവും 4.00 മണിയ്ക്ക് രസതന്ത്രവും ഒമ്പതാം ക്ലാസിന് 4.30 ന് ഇംഗ്ലീഷും 5.00 മണിയ്ക്ക് ഗണിതശാസ്ത്രവും  സംപ്രേഷണം ചെയ്യും.  

പന്ത്രണ്ടാം ക്ലാസിലുള്ള നാലു വിഷയങ്ങളും രാത്രി 7.00 മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 5.30 മുതലും ഇന്ന് തന്നെ (ജൂണ്‍ 1) ഇതേക്രമത്തില്‍ പുനഃസംപ്രേഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും.

കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്.  ഏഷ്യാനെറ്റ് ഡിജിറ്റലില്‍ 411, ഡെന്‍ നെറ്റ്വര്‍ക്കില്‍ 639, കേരള വിഷനില്‍ 42, ഡിജി മീഡിയയില്‍ 149, സിറ്റി ചാനലില്‍ 116 എന്നീ നമ്പറുകളിലാണ് ചാനല്‍ ലഭിക്കുക. വീഡിയോകോണ്‍ ഡി2എച്ചിലും ഡിഷ് ടി.വി.യിലും 642-ാം നമ്പറില്‍ ചാനല്‍ ദൃശ്യമാകും.  മറ്റു ഡി.ടി.എച്ച്. ഓപ്പറേറ്റര്‍മാരും എത്രയും പെട്ടെന്ന് അവരുടെ ശൃംഖലയില്‍ കൈറ്റ് വിക്ടേഴ്സ് ഉള്‍പ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.

ഇതിനു പുറമേ www.victers.kite.kerala.gov.in  പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ https://www.facebook.com/victerseduchannel വഴിയും തല്‍സമയവും യുട്യൂബ് ചാനലില്‍ youtube.com/itsvicters ല്‍ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമായതിനാല്‍ ജൂണ്‍ ഒന്നിലെ ക്ലാസുകള്‍ അതേക്രമത്തില്‍ ജൂണ്‍ എട്ടിന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും. വീട്ടില്‍ ടി.വിയോ സ്മാര്‍ട്ട് ഫോണോ, ഇന്റര്‍നെറ്റോ ഒന്നുമില്ലാത്ത ഒരു കുട്ടിക്ക്പോലും ക്ലാസുകള്‍ കാണാന്‍ അവസരം ഇല്ലാതിരിക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കേണ്ടതാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ക്ലാസദ്ധ്യാപകര്‍ കുട്ടികളുമായി ബന്ധപ്പെട്ടും പ്രഥമാധ്യാപകര്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും കുടുംബശ്രീ യൂണിറ്റുകളുടേയും പി.ടി.എകളുടേയുമെല്ലാം സഹായത്തോടെ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആദ്യ ആഴ്ച തന്നെ ആവശ്യകതയ്ക്കനുസരിച്ച് കൈറ്റ് സ്‌കൂളുകളില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്ടോപ്പുകള്‍, 7000 പ്രോജക്ടറുകള്‍, 4545 ടെലിവിഷനുകള്‍ തുടങ്ങിയവ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശത്ത് കൊണ്ടുപോയി ഉപയോഗിക്കാന്‍ അനുവാദം നല്‍കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

സംപ്രേഷണ സമയത്തോ ആദ്യ ദിവസങ്ങളിലോ ക്ലാസുകള്‍ കാണാന്‍ കഴിയാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ രക്ഷിതാക്കളും കുട്ടികളും യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ട കാര്യമില്ല. അവര്‍ക്കായി പിന്നീട് ഡൗണ്‍ലോഡ് ചെയ്ത ഉള്ളടക്കം ഓഫ്ലൈനായി കാണിക്കുന്നതുള്‍പ്പെടെ വിവിധങ്ങളായ സംവിധാനങ്ങളും തുടര്‍ന്ന് ഏര്‍പ്പെടുത്തുന്നതാണ്.