പോളിടെക്നിക് ഡിപ്ലോമ രണ്ടാം സ്പോട്ട് അഡ്മിഷന്‍ രജിസ്ട്രേഷന്‍ ഒന്നിനും രണ്ടിനും

post

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പോളിടെക്‌നിക് കോളേജുകളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്താന്‍ പോളിടെക്നിക് കോളേജ് അടിസ്ഥാനത്തില്‍ സ്പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 3, 4, 5 തീയതികളില്‍ നടത്തും. നിലവില്‍ ലഭ്യമായ ഒഴിവുകള്‍ കോളേജ് അടിസ്ഥാനത്തില്‍ www.polyadmission.org എന്ന വെബ്സൈറ്റിലെ vacancy position എന്ന ലിങ്ക് വഴി മനസ്സിലാക്കാം.

സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള സ്ഥാപനത്തിന്റെ പേര് ഓണ്‍ലൈനായി സെലക്റ്റ് ചെയ്യണം.  രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഓപ്ഷനുകള്‍ നല്‍കേണ്ടതില്ല. നിലവില്‍ അഡ്മിഷന്‍ ലഭിച്ചവരില്‍ സ്ഥാപനമാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും, പുതിയതായി അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും (റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍) സ്പോട്ട് അഡ്മിഷനു വേണ്ടി ഡിസംബര്‍ ഒന്നു മുതല്‍ രണ്ടു വരെ അഡ്മിഷന്‍ വെബ്സൈറ്റിലെ  Spot Admission Registration എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. രണ്ടാം സ്പോട്ട് അഡ്മിഷനു വേണ്ടി ഓണ്‍ലൈനായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യാത്തവരെ സ്പോട്ട് അഡ്മിഷനില്‍ പങ്കെടുപ്പിക്കില്ല. ഒരാള്‍ക്ക് എത്ര സ്ഥാപനങ്ങള്‍ വേണമെങ്കിലും സെലക്റ്റ് ചെയ്യാം. ആപ്ലിക്കേഷന്‍ നമ്പരും ജനനതീയതിയും നല്കുമ്പോള്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് അപേക്ഷകന് ഓരോ സ്ഥാപനത്തിന്റേയും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഓരോ സ്ഥാപനത്തിലേക്കും രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ നടത്തും. ഓരോ സ്ഥാപനത്തിലെയും സ്പോട്ട് അഡ്മിഷന്‍ നടത്തുന്ന സമയക്രമം വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് പരിശോധിച്ച് സമയക്രമം കൃത്യമായി പാലിച്ച് അപേക്ഷകര്‍ ബന്ധപ്പെട്ട കോളേജുകളില്‍ ഹാജരാകണം. ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ ഹാജരാകാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത പ്രോക്സി ഫോം പൂരിപ്പിച്ച് അപേക്ഷകന്റെയും രക്ഷാകര്‍ത്താവിന്റെയും ഒപ്പോടു കൂടി ഹാജരാക്കണം. അവര്‍ സര്‍ട്ടിഫിക്കറ്റ്, ഫീസ് അടച്ച രസീത്, അഡ്മിഷന്‍ സ്ലിപ്പ് എന്നിവയുടെ പകര്‍പ്പും ഹാജരാക്കണം.  

അഡ്മിഷനില്‍ പങ്കെടുക്കുന്നവര്‍ കോവിഡ്-19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. വിശദ വിവരങ്ങള്‍ക്ക്  www.polyadmission.org.