വളര്‍ത്തുമൃഗങ്ങളുടെ വേനല്‍ക്കാല പരിചരണം

post

കറവമാടുകളെ അത്യുഷ്ണത്തില്‍ നിന്ന് രക്ഷിക്കുന്നതിനായി കര്‍ഷകര്‍ക്ക് ജില്ലാ മൃഗ സംരക്ഷണ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. വേനല്‍കാലത്തെ കടുത്ത ചൂട് വളര്‍ത്തുമൃഗങ്ങളിലും വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു.   കരുതലയോടെയുള്ള പരിചരണത്തിലൂടെ വലിയൊരളവു ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകും. അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതിനനുസരിച്ച് ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി ശ്വാസനിരക്കും വിയര്‍പ്പും  കൂടും. വേനല്‍ക്കാലത്ത് കഴിക്കുന്ന തീറ്റയുടെ അളവില്‍ വരുന്ന കുറവും തീറ്റയുടെ ഗുണനിലവാരക്കുറവും പാലുല്‍പാദനത്തെ സാരമായി ബാധിക്കുന്നതോടൊപ്പം പാലിലെ ഘടകങ്ങളായ കൊഴുപ്പ്, എസ്.എന്‍. എഫ്, ലാക്‌റ്റോസ് എന്നിവയിലും കുറവു വരുത്തുന്നു.

മൃഗ സംരക്ഷണ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍

1. വേനല്‍ക്കാല ഭക്ഷണത്തില്‍ മാംസ്യത്തിന്റെയും ഊര്‍ജ്ജദായകമായ കൊഴുപ്പിന്റെയും അളവു കൂട്ടുകയും, നാരിന്റെ അംശം കുറക്കുകയും ചെയ്യണം. ഇതിനായി പരുത്തിക്കുരു, സോയാബീന്‍ എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്താം.

2. ഖരാഹാരം നല്‍കുന്നത് രാവിലെയും വൈകീട്ടുമായി പരിമിതപ്പെടുത്തണം. പച്ചപ്പുല്ല് ലഭ്യമല്ലെങ്കില്‍ പച്ച ഇലകള്‍, ഈര്‍ക്കിള്‍ കളഞ്ഞ പച്ച ഓല തുടങ്ങിയവയും നല്‍കാം. അത്യുല്‍പാദന ശേഷിയുള്ള ഇനങ്ങള്‍ക്ക് ബൈപാസ് പ്രോട്ടീനുകളും, ബൈപാസ് ഫാറ്റുകളും നല്‍കാം. 100 ഗ്രാം ധാതുലവണങ്ങളും, 50 ഗ്രാം ഉപ്പും, 25 ഗ്രാം അപ്പക്കാരവും, വൈറ്റമിന്‍  എ, ഡി, ഇ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്.

3. പോഷകാഹാരക്കുറവ് പശുക്കള്‍ക്ക് വേനല്‍ക്കാല വന്ധ്യതക്ക് കാരണമാകുന്നു. കൃത്രിമ ബീജാധാനത്തിന്റെ സമയത്തെ ശരീരോഷ്മാവ് ഗര്‍ഭധാരണത്തിന് വളരെ നിര്‍ണായകമാണ്. ബീജാധാനത്തിന് ഒന്ന് രണ്ടാഴ്ചകളിലും, ഗര്‍ഭകാലത്തിന്റെ അവസാനത്തെ രണ്ടുമൂന്നു മാസങ്ങളിലും അത്യുഷ്ണം മൂലമുള്ള സ്‌ട്രെസ് കുറക്കുന്നതിന് ശ്രദ്ധിക്കണം.

4. കൃത്രിമ ബീജാധാനത്തിന്റെ മുമ്പും ശേഷവും മാടുകളെ അര മണിക്കൂര്‍ നടത്താതെ തണലില്‍തന്നെ കെട്ടിയിടണം. വേനല്‍ച്ചൂട് മൃഗങ്ങളുടെ രോഗപ്രതിരോധശേഷി കുറക്കുന്നതിനാല്‍ പല രോഗങ്ങളും ഉണ്ടാകുന്നു.

5. പേന്‍, ചെള്ള്, ഈച്ച എന്നിവ പെരുകുന്നതിനാല്‍ ഇവ പരത്തുന്ന ബബീസിയോസിസ്, അനാപ്ലാസ്‌മോസിസ്, തൈലേറിയാസിസ് എന്നിവയും ബാക്ടീരിയ മൂലമുണ്ടാകുന്ന അകിടുവീക്കവും കൂടുതലായി കാണപ്പെടും. വേണ്ടത്ര ശ്രദ്ധയും പരിചരണവും മാത്രമാണ് ഇതൊഴിവാക്കാനുള്ള വഴി. പ്രതിരോധ കുത്തിവെപ്പുകള്‍ ചൂടുകുറവുള്ള രാവിലെയോ വൈകീട്ടോ ചെയ്യണം.

6. തൊഴുത്തിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ ചാക്ക്, വൈക്കോല്‍ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് തൊഴുത്തിലെ ചൂടുകുറയ്ക്കാന്‍ സഹായിക്കും. തൊഴുത്തിനു ചുറ്റും തണല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കണം. ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കുന്നതും തൊഴുത്തില്‍ ഫാനിടുന്നതും ചൂടു കുറയ്ക്കാന്‍ സഹായിക്കും.

7. പകല്‍ സമയത്ത് അന്തരീക്ഷ താപനില കൂടുതലുള്ളതിനാല്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ അവയെ വെയിലത്ത് കെട്ടിയിടരുത്. ശുദ്ധജലം യഥേഷ്ടം കുടിക്കാന്‍ കൊടുക്കണം. വേനല്‍ക്കാലത്ത് പശുക്കള്‍ക്ക് ആവശ്യമായ വെള്ളത്തിന്റെ അളവില്‍ ഒന്നു മുതല്‍ രണ്ട് മടങ്ങു വരെ വര്‍ധന വരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.

8. എരുമകള്‍ക്ക് കട്ടിയേറിയ പുറംതൊലി, കറുപ്പു നിറം, വിയര്‍പ്പു ഗ്രന്ഥികളുടെ കുറവ് എന്നീ പ്രത്യേകതകളുള്ളതിനാല്‍ ചൂടുമൂലമുള്ള സ്‌ട്രെസ്സ് കുറയ്ക്കുന്നതിന് വെള്ളത്തില്‍ കുറേനേരം കിടക്കുന്നതോ, വെള്ളം 3-4 തവണ ദേഹത്തൊഴിക്കുന്നതും നല്ലതാണ്.

9. അമിതമായ ഉമിനീര്‍ സ്രവം, വായ തുറന്നു ശ്വസിക്കല്‍, തളര്‍ച്ച, ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍, തുടങ്ങിയ സൂര്യാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ നല്‍കണം.