പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ തയ്യാര്‍: മുഖ്യമന്ത്രി

post

തിരുവനന്തപുരം:  വിദേശത്ത് നിന്ന് പ്രവാസികളെ കേരളത്തിലെത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എത്ര വിമാനങ്ങള്‍ക്ക് അനുമതി വേണമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തോട് ചോദിച്ചിട്ടുണ്ട്. വന്ദേഭാരത് മിഷനില്‍ വിമാനങ്ങള്‍ വരുന്നതിന് സംസ്ഥാനം യാതൊരു നിബന്ധനയും വച്ചിട്ടില്ല. കേന്ദ്രവിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ ഫ്ളൈറ്റുകള്‍ക്കും അനുമതി നല്‍കി. ജൂണില്‍ 360 വിമാനങ്ങള്‍ വരുമെന്നാണ് കേന്ദ്രം അറിയിച്ചത്. ഇവയ്ക്കെല്ലാം കേരളം അനുമതി നല്‍കിയിട്ടുണ്ട്. ജൂണ്‍ മൂന്നു മുതല്‍ പത്തു വരെ 36 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിനു ശേഷം 324 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാനുണ്ട്.

വന്ദേഭാരത് മിഷനിലുള്‍പ്പെടാത്ത 40 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും അനുമതി നല്‍കി. ജൂണ്‍ രണ്ടു വരെ 14 ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തു. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇനിയും അനുമതി നല്‍കും. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് രണ്ടു മാനദണ്ഡങ്ങള്‍ കേരളം മുന്നോട്ടു വച്ചിട്ടുണ്ട്. വിമാന നിരക്ക് വന്ദേഭാരത് മിഷനിലെ വിമാന നിരക്കിന് അനുസരിച്ചായിരിക്കണം. ഈ വിമാനങ്ങളില്‍ മുന്‍ഗണനാ വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രഥമ പരിഗണനയും നല്‍കണം. അനുമതി ചോദിച്ച സ്വകാര്യ വിമാന കമ്പനികള്‍ക്കും അനുമതി നല്‍കി. സ്പൈസ് ജെറ്റിന്റെ 300 വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഒരു ദിവസം പത്ത് ഫ്ളൈറ്റ് വച്ച് ഒരു മാസം കൊണ്ട് സര്‍വീസ് നടത്താനാണ് അവര്‍ അനുമതി തേടിയത്. കോവിഡ് 19 ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവരെയാണ് കൊണ്ടുവരികയെന്ന മാനദണ്ഡം സ്പൈസ് ജെറ്റ് നിശ്ചയിച്ചിട്ടുണ്ട്. അബുദാബിയിലെ ഒരു സംഘടനയുടെ 40 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.