മുഴുവന്‍ കുട്ടികള്‍ക്കും പഠന സൗകര്യം സര്‍ക്കാര്‍ ഉറപ്പാക്കും: മുഖ്യമന്ത്രി
*ദേവികയുടെ മരണം ദുഖകരം
*അധ്യാപികമാരെ അവഹേളിച്ചവര്‍ക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം : മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടിവിയോ മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും ഒരു ക്ളാസും നഷ്ടപ്പെടില്ല. പ്ളസ് വണ്‍ ഒഴികെയുള്ള ക്ളാസുകളില്‍ 41 ലക്ഷം വിദ്യാര്‍ത്ഥികളുണ്ട്. ഇതില്‍ 2,61,784 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഓണ്‍ലൈന്‍ പഠന സംവിധാനത്തില്‍ ഒപ്പം ചേര്‍ത്തു നിര്‍ത്തേണ്ടവരാണ് ഈ കുട്ടികളും. ഇതിനുള്ള ശ്രമം വിദ്യാഭ്യാസ വകുപ്പ് നടത്തി വരികയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനം, അധ്യാപകര്‍, പി. ടി. എ, കുടുംബശ്രീ എന്നിവര്‍ മുഖേന ഇത്തരം സൗകര്യം ഉറപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇക്കാര്യത്തില്‍ ഭരണപ്രതിപക്ഷ വേര്‍തിരിവില്ലാതെ എല്ലാ എം. എല്‍. എമാരും വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചിട്ടുണ്ട്.
അയല്‍പക്ക ക്ളാസുകള്‍, പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങള്‍, ഊര് വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, സാമൂഹ്യ പഠനമുറി, വായനശാലകള്‍ എന്നിവിടങ്ങളിലൂടെ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാനാണ് ശ്രമം. സമഗ്രശിക്ഷയുടെ നേതൃത്വത്തില്‍ ഇതിനുള്ള നടപടി ആരംഭിച്ചു. കെ. എസ്. എഫ്. ഇയും ഇക്കാര്യത്തില്‍ സഹകരിക്കുന്നുണ്ട്. സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ പൊതുനന്‍മ ഫണ്ട് വിനിയോഗിച്ച് 500 ടിവി വാങ്ങിനല്‍കും. നിരവധി വിദ്യാര്‍ത്ഥി, യുവജന സംഘടനകളും സഹകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് അവസരം ഒരുക്കുന്നതു വരെ അടുത്ത രണ്ടാഴ്ച വിക്ടേഴ്സ് ചാനലിലൂടെ ട്രയല്‍ സംപ്രേഷണം നടത്തും. കൂടാതെ ക്ളാസുകളുടെ പുനസംപ്രേഷണവും ഉണ്ടാവും. ക്ളാസുകള്‍ യുട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ വീണ്ടും കാണുന്നതിനും അവസരമുണ്ട്.
കുട്ടികളെ പഠനാന്തരീക്ഷത്തില്‍ കൊണ്ടുവരികയാണ് പ്രധാനം. ഇത്തരം പരിപാടികള്‍ കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ഇതിനെ പൂര്‍ണമായി ഉള്‍ക്കൊള്ളാതെ വിമര്‍ശനം ഉയരുന്നു. മലപ്പുറം ഇരുമ്പിളിയം ഗവ. ഹൈസ്‌കൂളിലെ ഒന്‍പതാം ക്്ളാസ് വിദ്യാര്‍ത്ഥിനി ദേവികയുടെ മരണം ദുഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ അന്വേഷണം നടക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമികാന്വേഷണത്തില്‍ ഈ സ്‌കൂളിലെ 25 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുമ്പിളിയം പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റിയും സ്‌കൂള്‍ പി. ടി. എയും ഇതിനാവശ്യമായ സൗകര്യം ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു.
ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ഇടുക്കിയിലെ കണ്ണംപടി, ഇടമലക്കുടി ആദിവാസി ഊരുകളിലും സമാനമായ മറ്റു പഠന കേന്ദ്രങ്ങളിലും ഓഫ്ലൈന്‍ പഠനത്തിനുള്ള സൗകര്യം സമഗ്രശിക്ഷ ഒരുക്കും. വിക്ടേഴ്സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ളാസുകളെടുത്ത അധ്യാപികമാരെ അവഹേളിച്ചവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും കടുത്ത നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.