കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആരാധനാലയങ്ങള്‍ തുറക്കും -മുഖ്യമന്ത്രി
* മതമേധാവികളുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം : ആരാധനാലയങ്ങള്‍ അടച്ചിട്ടതിനുശേഷമുള്ള ഓരോ ഘട്ടത്തിലും മതനേതാക്കളെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും കേന്ദ്രമാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയന്ത്രണവിധേയമായി കേരളത്തില്‍ ആരാധനാലയങ്ങള്‍ എങ്ങനെ തുറക്കാമെന്നതിനെക്കുറിച്ച് അഭിപ്രായമാരായാന്‍ വിവിധ വിഭാഗം മതമേധാവികളുമായും മത സംഘടനാ നേതാക്കളുമായും മതസ്ഥാപന ഭാരവാഹികളുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിശദാംശം കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ വന്നശേഷമേ തീരുമാനിക്കാനാകൂ. ആരാധനാലയങ്ങള്‍ വഴി രോഗവ്യാപനമുണ്ടാകുന്നതു ഒഴിവാക്കാന്‍ ഉതകുന്ന ഒട്ടേറെ പ്രായോഗിക നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ മതനേതാക്കള്‍ മുമ്പോട്ടുവെച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുമ്പില്‍ അവതരിപ്പിക്കും.
ലോക്ക്ഡൗണില്‍ നിന്ന് രാജ്യം ഘട്ടംഘട്ടമായി പുറത്തുകടക്കുകയാണ്. ജൂണ്‍ എട്ടു മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 30ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടില്ല. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കുകയാണ്. ആരാധനാ കേന്ദ്രങ്ങള്‍ തുറക്കാമെന്ന് പറഞ്ഞപ്പോഴും വലിയ ആള്‍ക്കൂട്ടം ഒരു പരിപാടിക്കും ഈഘട്ടത്തില്‍ പാടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുമുണ്ട്.
ആരാധനാലയങ്ങളില്‍ സാധാരണനില പുനഃസ്ഥാപിച്ചാല്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകാമെന്നും അത് ഇന്നത്തെ സാഹചര്യത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കുമെന്നുമുള്ള സര്‍ക്കാരിന്റെ നിലപാടിനോട് എല്ലാ മതമേധാവികളും പൂര്‍ണമായി യോജിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം തുടങ്ങിയ മൂന്നു വിഭാഗങ്ങളുമായും വെവ്വേറെയാണ് ചര്‍ച്ച നടത്തിയത്. ആരാധനാലയത്തില്‍ എത്തുന്ന വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് ഉള്‍പ്പെടെ മുന്‍കരുതലുകള്‍ സ്വീകരിക്കാമെന്നാണ് പങ്കെടുത്ത മതനേതാക്കളുടെ അഭിപ്രായം. ആരാധനാലയങ്ങളില്‍ വരുന്നവരില്‍ സാധാരണനിലയില്‍ ധാരാളം മുതിര്‍ന്ന പൗരന്‍മാരും മറ്റു രോഗങ്ങള്‍ ഉള്ളവരും കുട്ടികളും കാണും. ഇവരെ കോവിഡ് രോഗം പെട്ടെന്ന് പിടികൂടാനിടയുണ്ട്. രോഗം പിടിപെട്ടാല്‍ സുഖപ്പെടുത്തുന്നതിനും പ്രയാസമുണ്ട്. അതിനാല്‍ ഈ വിഭാഗമാളുകളുടെ കാര്യത്തില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനോട് മതനേതാക്കള്‍ പൊതുവെ യോജിപ്പാണ് അറിയിച്ചത്.
ആരാധനാലയങ്ങള്‍ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിനോട് ചോദിക്കുന്ന ചില പ്രസ്താവനകള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതാണെന്ന് കരുതുന്നില്ല. ആരാധനാലയങ്ങള്‍ രാജ്യവ്യാപകമായി അടച്ചിടാന്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനിച്ചത്. ആരാധനാലയങ്ങള്‍ മാത്രമല്ല, വിദ്യാലയങ്ങളും പരിശീലന കേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണ്. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പരിപാടികള്‍ക്കും വിലക്കുണ്ട്.
ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുന്നത് വിശ്വാസികള്‍ക്ക് വലിയ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് സര്‍ക്കാരിന് അറിയാം. എന്നാല്‍ സമൂഹത്തിന്റെ ആരോഗ്യസുരക്ഷയ്ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് എല്ലാ മതവിഭാഗങ്ങളും പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വലിയ അഭിപ്രായ ഐക്യമാണ് സര്‍ക്കാരും മതമേധാവികളും മതപണ്ഡിതന്‍മാരും തമ്മിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രിസ്ത്യന്‍ മതനേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ക്ലിമീസ് ബാവ, ബിഷപ്പ് ജോസഫ് കരിയില്‍, ലത്തീന്‍ അതിരൂപതയുടെ പ്രതിനിധി ഡോ. സി. ജോസഫ്, ബസേലിയോസ് മാര്‍ പൗലോസ്, ബസേലിയോസ് തോമസ് ബാവ, റവ. ഡോ. ജോസഫ് മാര്‍ മെത്രാപ്പൊലീത്ത, ധര്‍മരാജ് റസാലം, ഇന്ത്യന്‍ പെന്തക്കോസ്റ്റല്‍ ചര്‍ച്ച് ജനറല്‍ സെക്രട്ടറി സാം വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
മുസ്ലിം നേതാക്കളുമായുള്ള ചര്‍ച്ചയില്‍ പ്രൊഫ. ആലിക്കുട്ടി മുസലിയാര്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍, ടി.പി. അബ്ദുള്ളക്കോയ മദനി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മുസലിയാര്‍, ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന്, ആരിഫ് ഹാജി, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹിന്ദു മത-സാമുദായിക നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ സ്വാമി സാന്ദ്രാനന്ദ, പുന്നല ശ്രീകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. വി. മോഹനന്‍, മലബാര്‍ ദേവസ്വം പ്രസിഡന്റ് ഒ.കെ. വാസു, ഗുരുവായൂര്‍ ദേവസ്വം പ്രസിഡന്റ് അഡ്വ. കെ.പി. മോഹന്‍ദാസ്, കൂടല്‍മാണിക്യം ദേവസ്വം പ്രസിഡന്റ് പ്രദീപ് മേനോന്‍, കഴക്കോട് രാധാകൃഷ്ണപോറ്റി (തന്ത്രി മണ്ഡലം), പാലക്കുടി ഉണ്ണികൃഷ്ണന്‍ (തന്ത്രി സമാജം) തുടങ്ങിയവര്‍ പങ്കെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു.