ജില്ലാ ആശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കും: മന്ത്രി എ. കെ. ബാലന്‍
പാലക്കാട്: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയെ പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററികാര്യ മന്ത്രി എ. കെ. ബാലന്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ലിനിക്കല്‍ വിഭാഗം സഹകരണ ആശുപത്രിയിലേക്കും ഒ.പി. സൗകര്യം പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലേക്കും മാറ്റാനാണ് തീരുമാനം. നെഫ്രോളജി, ഓങ്കോളജി, കാര്‍ഡിയോളജി തുടങ്ങിയ വിഭാഗങ്ങള്‍ ജില്ലാ ആശുപത്രിയില്‍ തന്നെ നിലനില്‍ത്തും. ഇതുമൂലം മറ്റ് രോഗികളുടെ വരവ് ജില്ലാ ആശുപത്രിയില്‍ കുറയുകയും സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം ഒഴിവാകുമെന്നും മന്ത്രി അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി സംബന്ധിച്ചു.
ജില്ലയില്‍ കോവിഡ് 19 പരിശോധന കൂടുതല്‍ കാര്യക്ഷമവും വേഗത്തിലുമാക്കാന്‍ പാലക്കാട് ഗവ. മെഡിക്കല്‍ കോളെജില്‍ ആര്‍.ടി.പി.സി.ആര്‍. മെഷ്യന്‍ എത്തിയതായും അടുത്ത ആഴ്ച തന്നെ ഉദ്ഘാടനം നടക്കുമെന്നും മന്ത്രി അറിയിച്ചു. ഈ സംവിധാനം നടപ്പിലാകുന്നതോടെ നിലവിലെ പരിശോധനഫലങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ലഭിക്കുന്നില്ലെന്ന ആശങ്കയും പരിശോധന സംബന്ധിച്ച മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലാ ആശുപത്രിയിലെ കോവിഡ് എം.എം. വാര്‍ഡിലെ രോഗികള്‍ ഉയര്‍ത്തിയ ഭക്ഷണവിതരണം സംബന്ധിച്ച ആരോപണം ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് പരിഹരിച്ചതായി മന്ത്രി അറിയിച്ചു. ഇതനുസരിച്ച് പ്രഭാതഭക്ഷണം കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നല്‍കും. ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും സന്നദ്ധ സംഘടനകളാണ് ലഭ്യമാക്കുന്നത്. ഇതിനുപുറമേ രാവിലത്തെ ചായ ഗസറ്റഡ് ഓഫീസേഴ്‌സ് സംഘടനയും വൈകുന്നേരത്തെ ചായ ജില്ലാ ആശുപത്രി തന്നെയാണ് നല്‍കുന്നത്. ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട മേല്‍നോട്ടം വഹിക്കാന്‍ ഒരു നഴ്‌സിംഗ് സൂപ്രണ്ടിനെയും ഹെഡ് ക്ലര്‍ക്കിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
മാങ്ങോട് കേരള മെഡിക്കല്‍ കോളെജിലെ ഭക്ഷണ വിതരണവും സുഗമമാക്കിയിട്ടുണ്ട്. വ്യക്തികള്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോ ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്പര്യം ഉണ്ടെങ്കില്‍ ജില്ലാ കലക്ടറെയും ജില്ലാ മെഡിക്കല്‍ ഓഫീസറെയും അറിയിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.