വയനാടിനൊരു കൈതാങ്ങാകുവാന്‍ കട്ടപ്പന

post

ഇടുക്കി: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ സഹോദരങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും ഒരു കുടക്കീഴില്‍ ചേര്‍ത്തു നിര്‍ത്തി കട്ടപ്പന നഗരസഭയുടെ ഏകോപനം. ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് മണി വരെ കട്ടപ്പന ടൗണ്‍ ഹാളില്‍ വയനാടിനുള്ള ദുരിതാശ്വാസ സാധന സാമഗ്രികള്‍ സ്വീകരിക്കും. 13ന് രാവിലെ 10 മണിക്ക് ടൗണ്‍ ഹാളില്‍ നിന്നും സാധനങ്ങളുമായി വയനാടിന് വാഹനം പുറപ്പെട്ട് 14 ന് അവിടെയെത്തുംവിധമാണ് ക്രമീകരിച്ചിട്ടുള്ളത്. 
വസ്ത്രങ്ങള്‍ ഉള്‍പ്പെടെ പഴയതും കാലാവധി കഴിഞ്ഞതുമായ ഉല്പന്നങ്ങളൊന്നും സ്വീകരിക്കില്ല. കട്ടപ്പനയില്‍ നടന്ന സര്‍വ്വകക്ഷി ആലോചനായോഗത്തിലാണ് തീരുമാനം. ഇതിനായി കട്ടപ്പനയുടെ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് മുന്‍സിപ്പല്‍ഹാളില്‍ ചേര്‍ന്നയോഗത്തിന് നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം ഇടുക്കി ജില്ലയും കട്ടപ്പനയും അനുഭവിച്ച ദുരിതത്തിന് സമാനമായതോ അതില്‍ കൂടുതലോ ആയ സാഹചര്യങ്ങളില്‍ കൂടിയാണ് വയനാട് ഇപ്പോള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. കട്ടപ്പന ദുരിതത്തില്‍ ആയിരുന്നപ്പോള്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ഒഴുകിയെത്തിയ സുമനസ്സുകളുടെ കൈത്താങ്ങാണ് ഒരു പരിധി വരെ അതിജീവനത്തിന്റെ പാതയിലേക്ക് ജില്ലയെ നയിച്ചത്. ഈ സാഹചര്യത്തില്‍ വയനാടിനെ സഹായിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്ന് നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പറഞ്ഞു.
സമാന ചിന്താഗതിക്കാരായ സംഘടനകള്‍, ക്ലബുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സന്നദ്ധസംഘടനകള്‍, പൊതുജനങ്ങള്‍ തുടങ്ങി വിവിധ തലങ്ങളിലുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥിയായ രേഷ്മ ജേക്കബും, സഹോദരന്‍ റോഷന്‍ ജേക്കബും സമാഹരിച്ച 13,250 രൂപയും വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും നഗരസഭ ചെയര്‍മാനെ എല്‍പ്പിച്ചു.
സമാഹരിക്കുന്ന സാമഗ്രികള്‍ പതിനാലാം തീയതി വയനാട്ടില്‍ എത്തിച്ചു നല്‍കും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലൂസി ജോയി, നഗരസഭ കൗണ്‍സിലര്‍മാരായ മനോജ് എം. തോമസ്, തോമസ് മൈക്കിള്‍, എം. സി. ബിജു, സി. കെ. മോഹനന്‍, ജിജി സാബു, ജലജ ജയസൂര്യ, ബീനാ വിനോദ്, ജിജി വാലുമ്മേല്‍, ലൗലി ഷാജി, രാജമ്മരാജന്‍, എല്‍സമ്മ കലയത്തിനാല്‍, സെലിന്‍ ജോയി, മേഴ്‌സി സ്‌കറിയ, സിബി പാറപ്പായി, റെജി കൊട്ടക്കാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറല്‍ സെക്രട്ടറി കെ. പി. ഹസ്സന്‍, കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് എം. കെ. തോമസ്, മര്‍ച്ചന്റ് യൂത്ത് വിംഗ് പ്രസിഡന്റ് സിജോമോന്‍ ജോസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജെ.ജയകുമാര്‍, വി. ആര്‍. സജി, രാജന്‍കുട്ടി മുതുകുളം തുടങ്ങിയവര്‍ സംസാരിച്ചു.