ഫലവൃക്ഷ തൈകള്‍ മുളനാഴിയില്‍

post

കൊല്ലം : പരിസ്ഥിതി ദിനത്തില്‍ വേറിട്ട ചിന്തയുമായി അയണിവേലിക്കുളങ്ങര ജോണ്‍ എഫ്. കെന്നഡി മെമ്മോറിയല്‍ സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍. പ്ലാസ്റ്റിക് ഗ്രോബാഗുകള്‍ ഒഴിവാക്കി മുളനാഴിയില്‍ ഫലവൃക്ഷതൈകള്‍ ഒരുക്കി ഇവര്‍ മാതൃകയാവുകയാണ്. പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ ഇന്നലെ(ജൂണ്‍ 5) ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് ഫലവൃക്ഷതൈകള്‍ കൈമാറി. എല്ലാ വര്‍ഷവും പരിസ്ഥിതി ദിനത്തില്‍ തങ്ങള്‍ക്ക് കിട്ടുന്ന തൈകള്‍ക്കൊപ്പം ലക്ഷക്കണക്കിന് പ്ലാസ്റ്റിക് കവറുകള്‍ കൂടി ഭൂമിയിലേക്ക് തള്ളപ്പെടുന്നു എന്ന ചിന്തയില്‍ നിന്നാണ് അതിന് ബദല്‍ ഒരുക്കിയത്.

മുളനാഴികള്‍ പുനരുപയോഗം നടത്തുവാനും പ്രകൃതിയ്ക്ക് ദോഷകരമാവുമാകില്ല എന്ന കാഴ്ചപ്പാടാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളത്. ലോക് ഡൗണ്‍ കാലയളവില്‍ വീടുകളില്‍ ഫലവൃക്ഷങ്ങളുടെ വിത്തുകള്‍ ശേഖരിക്കുകയും അവ പാകി മുളപ്പിച്ച് മുളനാഴികളില്‍ വളര്‍ത്തിയെടുക്കുകയുമാണ് ചെയ്തത്.

പ്ലാവ്, മാവ്, പേര, ചാമ്പ മുതലായവയുടെ തൈകളാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്. അഞ്ഞൂറോളം തൈകളാണ് ഇത്തരത്തില്‍ വീടുകളില്‍ തയ്യാറാകുന്നത്. വരും ദിവസങ്ങളില്‍ കരുനാഗപ്പള്ളിയുടെ പൊതു ഇടങ്ങളില്‍ ഈ തൈകള്‍ നട്ടു പിടിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് മാനേജര്‍ മായാ ശ്രീകുമാര്‍, പി ടി എ പ്രസിഡന്റ് ലാല്‍ജി പ്രസാദ്, വൈസ് പ്രസിഡന്റ് കാട്ടൂര്‍ ബഷീര്‍, സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിള്‍, ഗംഗാറാം അധ്യാപകരായ ജെ സുധീര്‍, മുനീര്‍, മീര, ഹാഫിസ് എന്നിവര്‍ നേതൃത്വം നല്‍കിവരുന്നു.