പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ അതിജീവന പാര്‍ക്കും സജ്ജമാക്കും : ഗവ. ചീഫ് വിപ്പ് കെ രാജന്‍

post

തൃശൂര്‍ : പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ അതിജീവനപാര്‍ക്കും സജ്ജമാക്കുമെന്ന് ഗവ. ചീഫ് വിപ് അഡ്വ. കെ രാജന്‍ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സുവോളജിക്കല്‍ പാര്‍ക്കില്‍ വൃക്ഷത്തൈ നട്ടു പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും തലമുറക്ക് കൊറോണ പ്രതിരോധത്തിന്റെ അനുഭവങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. രോഗ പ്രതിരോധത്തിനുതകുന്ന വിവിധ ഔഷധസസ്യങ്ങളും വൃക്ഷങ്ങളുമാണ് അതിജീവന പാര്‍ക്കില്‍ നടുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സുവോളജിക്കല്‍ പാര്‍ക്കിനെ 10 വ്യത്യസ്ത മേഖലകളായി തിരിച്ച് ഓരോ മേഖലയ്ക്കും അനുയോജ്യമായ വൃക്ഷങ്ങള്‍, മുള, പന, വിവിധയിനം പുഷ്പലതാദികള്‍ എന്നിവയുടെ പത്തുലക്ഷത്തോളം തൈകള്‍ നട്ടു പിടിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ചാലക്കുടിയിലെ വനം വകുപ്പിന്റെ നഴ്സറിയില്‍ നിന്നാണ് ഇതിനായി തൈകള്‍ കൊണ്ടുവരിക. 15000 ത്തോളം വിവിധ വൃക്ഷത്തൈകളും അത്രത്തന്നെ വിവിധയിനം മുള, പന എന്നിവയുടെ തൈകളുമാണ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വച്ചുപിടിപ്പിച്ചത്. വിവിധ ജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ഒരു ലാന്‍ഡ്സ്‌കേപ്പ് പ്ലാന്‍ ആണ് പാര്‍ക്കിനായി വിഭാവനം ചെയ്തിട്ടുള്ളത്.

338 ഏക്കര്‍ വനഭൂമിയില്‍ വന്യജീവികളെ പരിപാലിക്കുന്നതിനായി വിശാലമായ സൗകര്യങ്ങളോടുകൂടിയ സുവോളജിക്കല്‍ പാര്‍ക്കാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 2020 അവസാനത്തോടെ തൃശൂര്‍ മൃഗശാലയിലുള്ള മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റുവാനാണ് ലക്ഷ്യമിടുന്നതെന്നും ചീഫ് വിപ്പ് കെ രാജന്‍ പറഞ്ഞു.

ചടങ്ങില്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്‍ഡ് സ്പെഷ്യല്‍ ഓഫീസര്‍ കെ എസ് ദീപ, പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആന്‍ഡ്രൂസ് കൊഴുക്കുള്ളിക്കാരന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വി ആര്‍ രമേശ്, ഗോപി കുറ്റിക്കല്‍, പ്രേമ മണി, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് സ്പെഷ്യല്‍ ഓഫീസര്‍ നിബു കിരണ്‍ സി ഒ തുടങ്ങിയവര്‍ പങ്കെടുത്തു .