മത്സ്യഫെഡിന്റെ ജില്ലയിലെ ആദ്യ ഓണ്‍ലൈന്‍ പഠന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

post

ആലപ്പുഴ : മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് വേണ്ടി മത്സ്യഫെഡ് ഒരുക്കുന്ന ഓണ്‍ലൈന്‍ പഠന കേന്ദ്രം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയിലെ ആദ്യ ഓണ്‍ലൈന്‍ പഠന കേന്ദ്രം വാടയ്ക്കല്‍ കാഞ്ഞിരംചിറ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഹാളില്‍ പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ ബദല്‍ സംവിധാനം ഒരുക്കും. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. തീരദേശത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ മത്സ്യഫെഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ജില്ലാ മാനേജര്‍ പി എല്‍ വത്സലകുമാരി, ഡെപ്യൂട്ടി മാനേജര്‍ കെ സജീവന്‍, മത്സ്യത്തോഴിലാളി സഹകരണ സംഘം പ്രസിഡന്റ് വി എ ബെനഡിക്ട്, പി പി പവനന്‍, ടി സി പീറ്ററുകുട്ടി, എ പി സോണ, ബി അജേഷ്, സംഘം സെക്രട്ടറി മിനി എന്നിവര്‍ പങ്കെടുത്തു.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് സാമൂഹ്യ അകലത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത്തരത്തില്‍ ജില്ലയിലാകെ 34 ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങളാണ് മത്സ്യഫെഡ് ഒരുക്കുന്നത്. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ 150 ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.