ട്രോളിംഗുമായി തൊഴിലാളികള്‍ സഹകരിക്കണം: മന്ത്രി

post

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (09.06.2020) അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കുന്ന ട്രോളിംഗുമായി മത്സ്യത്തൊഴിലാളികളും ട്രേഡ് യൂണിയന്‍സന്നദ്ധ സംഘടനകളും സഹകരിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. സമുദ്ര മത്സ്യോല്പാദനം വര്‍ദ്ധനവിന്റെ പാതയിലാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 2016-17 ല്‍ 4.88 ലക്ഷം മെട്രിക് ടണ്ണായിരുന്ന സമുദ്ര മത്സ്യോല്പാദനം 2019-20 ല്‍ 6.09 ലക്ഷമായി വര്‍ദ്ധിച്ചിട്ടുണ്ട്. 

ട്രോളിംഗിന് അനുബന്ധമായി കടലില്‍ പോയിട്ടുള്ള എല്ലാ ബോട്ടുകളും അര്‍ദ്ധരാത്രിക്ക് മുന്‍പ് കരയില്‍ എത്തണം. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുന്‍പ് കേരള തീരം വിട്ട് പോകണം. ട്രോളിംഗ് സമയത്തുള്ള പട്രോളിംഗിനും കടല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 20 സ്വകാര്യ ബോട്ടുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സാഹചര്യങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് കൂടുതല്‍ ബോട്ടുകള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഒരിക്കിയിട്ടുണ്ട്. ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലുമുള്ള പെട്രോള്‍ ബങ്കുകളുടെ പ്രവര്‍ത്തനം ഇന്ന് രാത്രി അവസാനിക്കും.

ജൂണ്‍ മാസം തന്നെ ട്രോളിംഗ് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും മറൈന്‍ ആംബുലന്‍സിന്റെ സേവനം ലഭ്യമാക്കും. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മറൈന്‍ ആംബുലന്‍സ് കടലില്‍ ഇറക്കുന്ന തിയതി ഉടന്‍ നിശ്ചയിക്കും.

ട്രോളിംഗ് കാലയളവില്‍ വലിയ വള്ളങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണം. കടല്‍ ജൈവസന്തുലിതാവസ്ഥ നിലനില്‍ക്കത്തക്ക രീതിയില്‍ മണ്ണെണ്ണ ഉപയോഗിക്കുന്ന എഞ്ചിനുകളുടെ വലിപ്പം കുറച്ച് കൊണ്ടുവരാന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണം.

ജില്ലാ ഭരണകൂടത്തിന്റെ ട്രോളിംഗ് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വള്ളങ്ങളുമായി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ കൃത്യമായി പാലിക്കണം. മണ്‍സൂണ്‍ ആരംഭിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള കാലാവസ്ഥ മുന്നറിയിപ്പുകള്‍ കണക്കിലെടുത്ത് മാത്രമേ കടലില്‍ പോകാവൂ. ട്രോളിംഗ് കാലയളവിലുള്ള സമാശ്വാസ സഹായധന വിഹിതം സമയബന്ധിതമായി നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചതായി മന്ത്രി അറിയിച്ചു.