ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍

post

മലപ്പുറം : കേരളതീരത്ത് ഇന്ന് (ജൂണ്‍ ഒന്‍പത്) അര്‍ധരാത്രി മുതല്‍ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം നിലവില്‍ വരും. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 191 ട്രോള്‍ ബോട്ടുകളും മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറില്‍ തിരിച്ചെത്തിയതായും  അന്യസംസ്ഥാനത്ത് നിന്ന് ജില്ലയിലേക്ക്  എത്തിയിട്ടുളള ട്രോള്‍ ബോട്ടുകള്‍ കേരളാതീരം വിട്ട് പോയതായും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഹാര്‍ബറില്‍ തിരിച്ചെത്തുന്നതിനും കേരളതീരം വിട്ട് പോകുന്നതിനും ട്രോള്‍ ബോട്ടുകള്‍ക്ക് ജൂണ്‍ ഒന്‍പത് രാത്രി 12 മണിവരെയായിരുന്നു സമയം നല്‍കിയിരുന്നത്. ട്രോളിങ് നിരോധന കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികള്‍ക്ക്  സൗജന്യറേഷന്‍ നല്‍കും. ട്രോളിങ് നിരോധന കാലയളവില്‍ സര്‍ക്കാര്‍ നിശ്ചയിച്ചതിലും  കുറഞ്ഞ കണ്ണിവലിപ്പമുളള വലകള്‍ ഉപയോഗിച്ചുളള മത്സ്യബന്ധനവും ലൈറ്റ് ഫിഷിങ്  നടത്തുന്നവരെയും കണ്ടെത്താന്‍ ഫിഷറീസ് വകുപ്പ് പരിശോധന  കര്‍ശനമാക്കും. പെയര്‍ ട്രോളിങ് തടയുന്നതിനായി കടല്‍ പട്രോളിങും ശക്തമാക്കും. മണ്‍സൂണ്‍കാല രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍: 0494: 2666428.