പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കും: മന്ത്രി എ.കെ ബാലന്‍
പാലക്കാട് : ജില്ലയിലെ കോവിഡ് 19 രോഗബാധിതര്‍ക്കായി പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍പ് പാലക്കാട് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാന്‍ തീരുമാനിച്ചെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ജില്ല മെഡിക്കല്‍ ഓഫീസ്, ജനപ്രതിനിധികള്‍, മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവരുടെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച ചെയ്തതിനു ശേഷമാണ് തീരുമാനമെടുത്തതെന്ന് മന്ത്രി അറിയിച്ചു.
കോവിഡ് പോസിറ്റീവ് ആയവരെ മാത്രമേ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കൂ. രോഗലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തിനായി മാങ്ങോട് കേരള മെഡിക്കല്‍ കോളെജ്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് എന്നീ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കും. ഇത്തരത്തില്‍ സംവിധാനം ഒരുക്കുമ്പോള്‍ നിലവില്‍ ജില്ലാശുപത്രിയിലുള്ള ആശങ്കയും പരിഹരിക്കപ്പെടും.
ഗവ. മെഡിക്കല്‍ കോളേജിലേക്ക് കോവിഡ് രോഗികളെ മാറ്റുമ്പോള്‍ ഓക്സിജന്‍ കണക്ഷന്‍, ഐ.സി.യു, വെന്റിലേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കുന്നതാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ രോഗികളെ പരിശോധിക്കുന്നതിനായി ജില്ലാശുപത്രിയില്‍ പ്രത്യേക ബ്ലോക്ക് തന്നെ മാറ്റിവെയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.
കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മാറ്റം വരുത്താത്തതാണ് ജില്ലാ മെഡിക്കല്‍ ഓഫീസും സംസ്ഥാന ആരോഗ്യ വകുപ്പും നല്‍കുന്ന ജില്ലയിലെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാവാന്‍ കാരണമെന്നും പട്ടിക പുതുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ കലക്ടര്‍ ഡി ബാലമുരളിയും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.