വിദ്യാഭ്യാസ വകുപ്പിന് കൈത്താങ്ങായി വ്യവസായ വാണിജ്യ വകുപ്പിന്റെ ടി.വി ചലഞ്ച്

post

മലപ്പുറം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളിലേക്കെത്തിക്കുന്നതിന് ടി.വി ചലഞ്ചുമായി ജില്ലാവ്യവസായ വാണിജ്യ വകുപ്പ്.  ടെലിവിഷന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സൗജന്യമായി അത് വിതരണം ചെയ്യുന്നതിനാണ് ചലഞ്ചുമായി വ്യവസായ വാണിജ്യ വകുപ്പ് രംഗത്ത് വന്നിരിക്കുന്നത്. ചലഞ്ചിന്റെ ഭാഗമായി ശേഖരിച്ച ടി.വി  സെറ്റുകള്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി. അബ്ദുല്‍ വഹാബ് കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന് കൈമാറി. തുടര്‍ന്ന് അര്‍ഹരായ വിദ്യാര്‍ഥികളിലെത്തിക്കുന്നതിന് ടെലിവിഷന്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ കെ.എസ് കുസുമം ജില്ലാ കലക്ടറില്‍ നിന്നും ഏറ്റുവാങ്ങി. ജില്ലയില്‍ ഇത്തരത്തില്‍ 100 ടി.വി സെറ്റുകളാണ്  വ്യവസായ വാണിജ്യ വകുപ്പ് ചലഞ്ചിലൂടെ ഏറ്റെടുത്ത് വിതരണം ചെയ്യുന്നത്.