വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രൂപീകരിക്കും

post

തിരുവനന്തപുരം: പോലീസില്‍ വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചു. വനത്തിനുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ സംയുക്തമായി അന്വേഷിക്കാന്‍ ഇതുവഴി കഴിയും. പോലീസ്, ഫോറസ്റ്റ് വകുപ്പുകളിലെ  ഉദ്യോഗസ്ഥരായിരിക്കും യൂണിറ്റില്‍ ഉണ്ടാകുക. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുതിര്‍ന്ന പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

വനത്തിനുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഇന്‍റലിജന്‍സ് വിവരങ്ങള്‍ പോലീസും ഫോറസ്റ്റും ഇനിമുതല്‍ പരസ്പരം പങ്കുവയ്ക്കും. ഇതുവഴി ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരെ പെട്ടെന്നുതന്നെ നിയമത്തിനു മുന്‍പില്‍ ഹാജരാക്കാന്‍ കഴിയും. പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ സ്വീകരിച്ച നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് പോലീസ്, ഫോറസ്റ്റ്, റവന്യൂ, പട്ടികവര്‍ഗ്ഗ വകുപ്പ് എന്നിവയുടെ സംയുക്തയോഗം മൂന്നുമാസത്തിലൊരിക്കല്‍ ചേരാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.