സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ കാന്റീന്‍ ജില്ലക്ക് സ്വന്തം

post

പാലക്കാട്: സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ കാന്റീന്‍ ഡിസംബര്‍ 13ന് ജില്ലാ കലക്ട്രേറ്റില്‍ പ്രവര്‍ത്തനമാരംഭിക്കും. രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി കാന്റീന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ കാന്റീന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

കുടുംബശ്രീ ട്രാന്‍സ്ജന്‍ഡര്‍ അയല്‍ക്കൂട്ടമായ ഒരുമയാണ് കാന്റീന്‍ ഏറ്റെടുത്ത് നടത്തുന്നത്. ജില്ലാ ഭരണകൂടം, കുടുംബശ്രീ, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രത്യേക പരിശീലനം നേടിയ പത്തംഗ അയല്‍ക്കൂട്ടങ്ങള്‍ക്കാണ് കാന്റീന്‍ ചുമതല. കുടുംബശ്രീക്ക് കീഴില്‍ ജില്ലയില്‍ രണ്ട് ട്രാന്‍സ്ജന്‍ഡര്‍ അയല്‍ക്കൂട്ടങ്ങളാണുള്ളത്. സര്‍ക്കാര്‍ സഹായത്തോടെ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കാന്റീനാണ് ജില്ലയിലേത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. നാരായണദാസ് അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ജില്ലാ കളക്ടര്‍ ഡി. ബാലമുരളി എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍ പങ്കെടുക്കും.