അതിഥി തൊഴിലാളികളുടെ ക്വാറന്റൈന്‍ ഏജന്റുമാരുടെ ചുമതല

post

കണ്ണൂര്‍ : ജില്ലയില്‍ തിരികെയെത്തുന്ന അതിഥി തൊഴിലാളികളുടെ ക്വാറന്റൈന്‍ ചുമതല അവരെ കൊണ്ടുവരുന്ന ഏജന്റുമാര്‍ ഏറ്റെടുക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. ലോക്ക്ഡൗണ്‍ വേളയില്‍ നാട്ടിലേക്ക് പോയ അഥിതി തൊഴിലാളികള്‍ വീണ്ടും തിരികെ വരുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടറുടെ ഈ നിര്‍ദ്ദേശം.  യാതൊരു സുരക്ഷയുമില്ലാതെ ട്രെയിനുകളിലും മറ്റുമായി അഥിതി തൊഴിലാളികള്‍ ജില്ലയില്‍ എത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇതിന് പിറകില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അഥിതി തൊഴിലാളികള്‍ ജില്ലയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ബന്ധപ്പെട്ട ഏജന്റുമാര്‍ അവരുടെ സംരക്ഷണം ഏറ്റെടുക്കുകയും അവരെ സുരക്ഷിതമായി നിര്‍ബന്ധിത ക്വാറന്റൈനില്‍ പാര്‍പ്പിക്കുകയും വേണം. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന തൊഴിലാളികളെ ഏജന്റുമാര്‍ സ്വന്തം വാഹനത്തില്‍ കൊണ്ടു പോവുകയും ക്വാറന്റൈന്‍ വിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുകയും വേണം. വീഴ്ച വരുത്തുന്ന ഏജന്റുമാര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരവും ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.