കടലോരത്ത് പച്ചതുരുത്ത് ഒരുക്കാന്‍ ഹരിത കേരളം മിഷന്‍

post

കൊല്ലം : ചെറുവനങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷന്‍ നടപ്പിലാക്കുന്ന പച്ചതുരുത്ത് പദ്ധതിക്ക് കൊല്ലം ബീച്ചില്‍ തുടക്കമായി. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ ടി എന്‍ സീമ വൃക്ഷതൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ മേയര്‍ ഹണി ബെഞ്ചമിന്‍ അധ്യക്ഷയായി.കൊല്ലം കോര്‍പ്പറേഷന്റെ പള്ളിത്തോട്ടം ഡിവിഷനിലെ പത്ത് സെന്റ് ഭൂമിയിലാണ് പച്ചതുരുത്ത് ഒരുക്കുന്നത്. അയ്യങ്കാളി നഗര  തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരാണ് പ്രദേശത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് വൃക്ഷതൈ നടുന്നതിന് സ്ഥലമൊരുക്കിയത്. ഇവര്‍ക്ക് തന്നെയാണ് പച്ചത്തുരുത്തിന്റെ മൂന്നു വര്‍ഷത്തേക്കുള്ള  പരിപാലന ചുമതല.വള്ളത്തിന്റെ മാതൃകയില്‍ മുളകൊണ്ടുള്ള ചുറ്റുവേലിയോടെ കടലോര മേഖലയുടെ പരിസ്ഥിതിക്ക് അനുയോജ്യമായ വൃക്ഷങ്ങളാണ് കുട്ടിവനം നിര്‍മിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ഡെപ്യൂട്ടി മേയര്‍ എസ് ഗീതകുമാരി, വാര്‍ഡ് കൗണ്‍സിലര്‍ വിനീത വിന്‍സെന്റ്, കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി നൈസാം, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഐസക്, അയ്യങ്കാളി തൊഴിലുറപ്പ് ഓവര്‍സീയര്‍ നാസ്‌നി എന്നിവര്‍ പങ്കെടുത്തു