താനൂരില്‍ പോലീസ് സേനയെ ശക്തിപ്പെടുത്തുന്നു: കണ്‍ട്രോള്‍ റൂം ഉടന്‍ തുറക്കും

post

മലപ്പുറം: തീരദേശ മേഖലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി താനൂരില്‍ പൊലീസ് സേനയെ ശക്തിപ്പെടുത്തുന്നു. ഈ മാസം അവസാനത്തോടെ താനൂരില്‍ പൊലീസ് കണ്‍ട്രോള്‍ റൂം തുറക്കും. കണ്‍ട്രോള്‍ റൂമിലേക്കായി 40 പൊലീസ് ഉദ്യോഗസ്ഥരെ അനുവദിക്കും. താനൂര്‍ പൊലീസ് സ്റ്റേഷനോട് അനുബന്ധിച്ചുള്ള സര്‍ക്കിള്‍ ഓഫീസിന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തിയായാല്‍ ഉടന്‍ അവിടെ കണ്‍ട്രോള്‍ റൂം തുടങ്ങും. 10 ലക്ഷം രൂപ ചെലവിലുള്ള ഓഫീസ് നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. കണ്‍ട്രോള്‍ റൂം സജ്ജമാകുന്നതോടെ തീരദേശ മേഖലയില്‍ ഉള്‍പ്പെടെ  കൂടുതല്‍  ശക്തമായ പൊലീസ് സാന്നിധ്യമുണ്ടാകും. ക്രമസമാധാന പാലനത്തിനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കുന്ന പൊലീസിന് നേരെയുള്ള അതിക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കുറ്റക്കാരെ വിട്ടുവീഴ്ച്ചയില്ലാതെ നേരിടുമെന്നും വി.അബ്ദുറഹ്മാന്‍ എം.എല്‍.എ വ്യക്തമാക്കി

താനൂര്‍ തീരദേശത്ത് കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത് വധശ്രമക്കേസ് പ്രതിയെ ജീപ്പില്‍ നിന്നും ഇറക്കിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്നാണ് നടപടി. ട്രോമ കെയര്‍ പ്രവര്‍ത്തകന്‍ ജാബിറിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെയാണ് ഒരു സംഘമാളുകള്‍ പൊലീസ് ജീപ്പില്‍ നിന്ന് ഇറക്കി കൊണ്ടുപോയത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.