മികച്ച പുസ്തകശേഖരവുമായി സന്നിധാനത്തെ ദേവസ്വം ബുക്സ്റ്റാളുകള്‍

post

പത്തനംതിട്ട : ആത്മീയതയും ഭക്തിയും ക്ഷേത്രാചാരങ്ങളും പ്രതിപാദിക്കുന്ന പുസ്തകങ്ങളുമായി സന്നിധാനത്തെ ദേവസ്വം ബുക്സ്റ്റാളുകള്‍  ശ്രദ്ധേയമാകുന്നു. ദേവസ്വം ബോര്‍ഡിന്റേയും സ്വകാര്യ പ്രസാധകരുടേയും   പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളുമാണ് ഇവിടെ ലഭിക്കുക.  സന്നിധാനത്ത് നാല് സ്റ്റാളുകളും പമ്പയില്‍ രണ്ട് സ്റ്റാളുകളുമാണ് പ്രവര്‍ത്തിക്കുന്നത്. അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത  ദേവസ്വംബോര്‍ഡിന്റെ  ഡയറിക്ക് 150 രൂപയാണ് വില. അടുത്ത വര്‍ഷത്തെ മാസപൂജയുടെ വിവരങ്ങള്‍, തീയതികള്‍, മകരവിളക്കിന്റെ തീയതി തുടങ്ങിയ വിവരങ്ങള്‍ ഡയറിയില്‍ നിന്ന് ലഭിക്കും. ശ്രീധര്‍മശാസ്താ പഞ്ചാക്ഷരമാല അഞ്ച് ഭാഷകളിലായി ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട പ്രധാന ഫോണ്‍ നമ്പരുകളുമുണ്ട്.  60 രൂപയുടെ പോക്കറ്റ്  ഡയറിയും ലഭ്യമാണ്.  ദേവസ്വം കലണ്ടറിന് 30 രൂപയാണ് വില. ദേവസ്വംബോര്‍ഡ് മൂന്ന്  വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച 'തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍' എന്ന പുസ്തകത്തിനും 'രാമായണ'ത്തിനും  ആവശ്യക്കാര്‍ ഏറെയാണ്. 20 രൂപയാണ് ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരണമായ സന്നിധാനം മാസികയുടെ വില. ഒരു വര്‍ഷത്തേക്ക് 200 രൂപയും ആജീവനാന്ത വരിസംഖ്യ 4000 രൂപയുമാണ്.  അഞ്ജലി എന്ന പേരിലുള്ള മനോഹരമായ ചുമര്‍ ചിത്രങ്ങളുടെ സമാഹാരവും  ബുക് സ്റ്റാളിലുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍  മൂന്ന് ലക്ഷം രൂപയുടെ വര്‍ധന വില്പനയില്‍ ഉണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.