ശിശുവികസന പദ്ധതി ഓഫീസിന് ഇനി സീതാംഗോളിയില്‍ പുതിയ കെട്ടിടം

post

കാസര്‍കോട് : മഞ്ചേശ്വരം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിനായി സീതാംഗോളിയില്‍ പുതിയ ഇരുനില കെട്ടിടം നിര്‍മാണം പൂര്‍ത്തിയായി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍  നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എം സി കമറുദ്ദീന്‍ എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍പ്പെട്ട എണ്‍മകജെ, മംഗല്‍പാടി, പുത്തികെ ഗ്രാമ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന 103 അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങള്‍ ഇനി ഈ പുതിയ കെട്ടിടത്തില്‍ നിന്നും ഏകോപിപ്പിക്കും. സീതാംഗോളിയില്‍ വാടക കെട്ടിടത്തിലുള്ള മൂന്നാം നിലയിലെ ഇടുങ്ങിയ രണ്ട് ഷോപ്പ് മുറികളിലായിരുന്നു 2012 മുതല്‍ ഈ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. അങ്കണവാടി ഗുണഭോക്താക്കളും ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഭാഗം ജനങ്ങള്‍ക്ക് നേരിട്ടിട്ടുള്ള പ്രയസത്തിനാണ് പുതിയ കെട്ടിടോദ്ഘാടനത്തോടെ പരിഹാരമാകുന്നത്. ഓഡിറ്റോറിയം, ഓഫീസ് ക്യാബിനുകള്‍, ശുചിമുറികള്‍ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഈ ഇരുനില കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിനായി ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപയാണ് വകയിരുത്തിയത്.  2019 ജൂണിലാണ് നിര്‍മാണ പ്രവര്‍ത്തനമാരംഭിച്ചത്.

 അങ്കണവാടികള്‍ മുഖാന്തിരം നടത്തി വരുന്ന പോഷകാഹാര വിതരണം, കുട്ടികളുടെ വളര്‍ച്ചാ നിരീക്ഷണം, അനൗപചാരിക പ്രീസ്‌കൂള്‍ വിദ്യാഭ്യാസം, കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് നല്‍കി വരുന്ന പോഷകാഹാര വിതരണം, കൗണ്‍സിലിങ്, ബോധവല്‍ക്കരണ ക്ലാസുകള്‍, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നല്‍കിവരുന്ന പോഷകാഹാര വിതരണവും വിവിധ ക്ലാസുകളും, പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന സാമൂഹിക പരിപാടികള്‍ തുടങ്ങി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള നിരവധി സേവനങ്ങള്‍ക്ക് ഈ ഓഫീസാണ് മേല്‍നോട്ടവും നിര്‍വഹണവും നടത്തുന്നത്. അതു കൂടാതെ ആശ്വാസ കിരണം, സമാശ്വാസം, സഹായ ഹസ്തം , അതിജീവിക ,  തുടങ്ങി ഒട്ടനവധി സാമുഹൃ സുരക്ഷാ പദ്ധതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമത ദിവാകര്‍, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ജെ അരുണ, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഡീന ഭരതന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത് , ബിഡിഒ എന്‍ സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം പ്രദീപ് കുമാര്‍, പുത്തിഗെ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ചെനിയ, പുത്തിഗെ പഞ്ചായത്ത് അംഗങ്ങളായ ഇ കെ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല മുഗു, എണ്‍മകജെ ഗ്രാമപഞ്ചായത്തംഗം ചന്ദ്രാവതി, ശിശുവികസന പദ്ധതി ഓഫീസര്‍ ടി ആര്‍ ലതാകുമാരി, ഓഫീസ് ജീവനക്കാര്‍, അങ്കണ്‍വാടി ജീവനക്കാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി തേനമൃത് ന്യൂട്രിബാര്‍ വിതരണത്തിന്റെ പ്രൊജക്ട് തല ഉദ്ഘാടനവും അങ്കണ്‍വാടി ഓണ്‍ലൈന്‍ ക്ലാസ് ഉദ്ഘാടനവും നടന്നു.