വനിത - ശിശുവികസന ജില്ലാ ഓഫീസുകള്‍ ഹൈടെക്ക് സംവിധാനത്തിലേക്ക്

post

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലാ വനിത - ശിശുവികസന വകുപ്പ് ഓഫീസുകളും ഹൈടെക് സംവിധാനത്തിലേക്ക്. ഇതിന്റെ ഭാഗമായി കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് വനിത - ശിശുവികസന വകുപ്പ് 38.35 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 14 ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും നിലവിലെ ഇ-ഓഫീസ് സംവിധാനം ആരംഭിക്കുന്നതിനുമാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. നിലവിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ജില്ലാ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സര്‍ക്കാരിന്റെ സി.പി.ആര്‍.സി.എസ്. പോര്‍ട്ടലില്‍ നിന്നും വാങ്ങുന്നതിനാണ് തുകയനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.