പ്രളയജലത്തെ തോല്‍പ്പിച്ച് ജെംസിമോളുടെ കെയര്‍ ഹോം

post

കോട്ടയം : പ്രളയം ഇത്തവണ ജെംസിമോളെ ഭയപ്പെടുത്തുന്നില്ല. ചുറ്റുപാടും വെള്ളം കയറിയപ്പോഴും ചങ്ങനാശേരിക്കടുത്ത് പനച്ചിക്കാവിലെ ഇവരുടെ വീട് സുരക്ഷിതമാണ്. കഴിഞ്ഞ പ്രളയത്തില്‍ പൂര്‍ണ്ണമായും ഒലിച്ചു പോയ വീടിനു പകരം സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം നിര്‍മ്മിച്ച പുതിയ വീട്ടില്‍ ജെംസിമോളും കുടുംബവും താമസം തുടങ്ങിയിട്ട് രണ്ടു മാസം തികയുന്നതിനു മുന്‍പാണ് അടുത്ത പ്രളയമെത്തിയത്. തൂണുകള്‍ക്കു മുകളില്‍ നിര്‍മിച്ച വീടിന്റെ അടിത്തറയില്‍നിന്നും രണ്ടര അടി താഴെയാണ് ഇപ്പോള്‍ വെള്ളം ഒഴുകുന്നത്.പനയാര്‍ തോടിന്റെ കരയിലുള്ള മൂന്നു സെന്റ് ഭൂമിയില്‍ ഭൂരിഭാഗവും ചതുപ്പു നിലമാണ്. ചെറിയ മഴയില്‍പോലും തോട് കവിഞ്ഞ് വീടിനുള്ളില്‍ വെളളം കയറുമായിരുന്നു. വിദഗ്ധരുടെ നിര്‍ദേശപ്രകാരം ഒന്‍പത് തൂണുകള്‍ സ്ഥാപിച്ച് അതിനു മുകളിലാണ് പുതിയ വീട് പണിതുയര്‍ത്തിയിരിക്കുന്നത്. ജില്ലയില്‍ ഇത്തരത്തില്‍ നിര്‍മ്മിച്ച ഏക വീടാണിത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന എ.സി.സി കട്ടകള്‍ ഉപയോഗിച്ചാണ് ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്.  മേല്‍ക്കൂരയ്ക്ക് ഷീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.വീടിന്റെ അടിഭാഗത്ത് വളര്‍ത്തു മൃഗങ്ങള്‍ക്ക് കൂടുകള്‍ പണിയാനുള്ള സജ്ജീകരണം ഒരുക്കിയിരുന്നു. കോഴിക്കൂട് ഒരുക്കാനുള്ള ശ്രമത്തിനിടയിലാണ് വീണ്ടും വെള്ളമെത്തിയത്. 
പരിസര പ്രദേശങ്ങളിലെ വീടുകളിലെല്ലാം വെള്ളം കയറി. ആളുകളെ പൂവം സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. സമീപ മേഖലയില്‍ ആള്‍താമസമില്ലാത്ത സാഹചര്യത്തില്‍ ഈ കുടുംബവും തത്കാലത്തേക്ക് ക്യാമ്പിലേക്ക് മാറി.