ഉള്‍നാടന്‍ മത്സ്യ സംരക്ഷണം:ഫിഷറീസ് വകുപ്പ് പരിശോധന ശക്തമാക്കി

post

മലപ്പുറം : ജില്ലയിലെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും നിയമ ലംഘനങ്ങള്‍ തടയുന്നതിനുമായി ഫിഷറീസ് വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് ജലാശയങ്ങളില്‍ പട്രോളിങ് ശക്തമാക്കി. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും 25,000 രൂപ വരെ പിഴ ഈടാക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജലമലിനീകരണം, അമിത മത്സ്യബന്ധനം, ചെറുമത്സ്യങ്ങളെ പിടിച്ചെടുക്കല്‍, നിരോധിത മത്സ്യബന്ധന രീതികള്‍ എന്നിവ മൂലം ഉള്‍നാടന്‍ മത്സ്യ സമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പ് പട്രോളിങ് ശക്തമാക്കിയത്.

തുരുമ്പു നിക്ഷേപിച്ച് മീന്‍പിടിക്കുക, ഉള്‍നാടന്‍ മത്സ്യത്തിന്റെ പ്രജനനകാലത്തുള്ള മീന്‍പിടുത്തം,  അനധികൃത കുറ്റിവലകള്‍, കൃത്രിമപാരുകള്‍, കുരുത്തി വലകള്‍ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം,  മത്സ്യക്കുഞ്ഞുങ്ങളെ വന്‍തോതില്‍ പിടിച്ചെടുക്കല്‍ എന്നിവ യാതൊരു കാരണവശാലും അനുവദിക്കില്ല. 35 മില്ലി മീറ്ററില്‍ കുറഞ്ഞ കണ്ണി വലിപ്പമുള്ള വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും ശിക്ഷാര്‍ഹമാണ്. തോട്ട പൊട്ടിക്കല്‍, വിഷം കലക്കല്‍, ജലത്തിലൂടെ വൈദ്യുതി കടത്തിവിടല്‍ തുടങ്ങിയ മത്സ്യബന്ധന രീതികളും കര്‍ശനമായി തടയും.  വേലിയേറ്റ സമയത്ത് ജലാശയത്തിന് കുറുകെ വലയും തീവ്ര ശക്തിയുള്ള വൈദ്യുതി വിളക്കുകളും സ്ഥാപിച്ച് മീന്‍ പിടിക്കുന്നതും കുറ്റകരമാണ്. ചെമ്മീന്‍ കെട്ടുകള്‍, ഗിഫ്റ്റ് തിലാപ്പിയ, മലേഷ്യന്‍ വാള എന്നിവ  കൃഷി ചെയ്യുന്ന കുളങ്ങളിലെ വെള്ളം നേരിട്ട് പൊതുജലാശയങ്ങളിലേക്ക്  തുറന്ന് വിട്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ജലാശയങ്ങളില്‍ പ്ലാസ്റ്റിക്, മനുഷ്യവിസര്‍ജ്യങ്ങള്‍ എന്നിവ നിക്ഷേപിച്ച് മലിനപ്പെടുത്തുന്നതും അനധികൃത തടയണകള്‍ നിര്‍മിക്കുന്നതും നിയമവിരുദ്ധമാണ്.  പൊതുജലാശയങ്ങളില്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഫിഷറീസ് മേധാവിയേയോ ഇന്‍ലാന്റ് പട്രോളിങ് സ്‌ക്വാഡിനെയോ വിവരം അറിയിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍ : 0494: 2666428.