മൃഗസംരക്ഷണ മേഖലയുടെ സമഗ്രവികസനത്തിന് 60.84 കോടി രൂപയുടെ പദ്ധതികള്‍

post

കൊല്ലം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ  മൃഗസംരക്ഷണ മേഖലയുടെ സമഗ്രവികസനത്തിനായി 60.84 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും  നാല് മുനിസിപ്പാലിറ്റികളിലും കൊല്ലം കോര്‍പറേഷന്‍ എന്നിവിടങ്ങളിലുമായി 596 പദ്ധതികളാണ് നടപ്പാക്കുന്നത്.മുട്ടയുത്പാദനം, മാംസോത്പാദനം എന്നിവയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് 53 ഗ്രാമപഞ്ചായത്തുകളിലും കൊല്ലം കോര്‍പറേഷനിലുമായി മുട്ടക്കോഴി വളര്‍ത്തലിനുളള പദ്ധതി യാഥാര്‍ഥ്യമാകും.  അറുപതിനായിരം ഗുണഭോക്താക്കള്‍ക്ക് ഇതുവഴി ആനുകൂല്യം ലഭ്യമാകും.

പാലുത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി അഞ്ഞൂറോളം ഗുണഭോക്താക്കള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കറവ പശുക്കളെ വാങ്ങി നല്‍കുന്ന പദ്ധതിയുമുണ്ട്. 10 മുതല്‍ 12 ലിറ്റര്‍ വരെ പാലുത്പാദനമുള്ള കറവപ്പശുക്കളെ വാങ്ങുന്നതിന് കര്‍ഷകന് 30,000 രൂപയുടെ ധനസഹായം ലഭിക്കും. ക്ഷീര മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ നൂറിലധികം കാലിത്തൊഴുത്തുകള്‍ നിര്‍മിച്ച് നല്‍കും. തൊഴിലുറപ്പ് പദ്ധതി വഴിയാകും കാലിത്തൊഴുത്ത് നിര്‍മാണം. കറവ പശുക്കള്‍ക്ക് തീറ്റപ്പുല്‍ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് തലത്തില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിനുള്ള ധനസഹായവും ലഭിക്കും. പുതുതായി ക്ഷീരമേഖലയിലേക്ക് ചുവടുവയ്ക്കുന്ന കര്‍ഷര്‍ക്ക് പദ്ധതി വളരെ  ഗുണകരമാകും.

മാംസോത്പാദനത്തില്‍ മെച്ചപ്പെട്ട നേട്ടം ഉറപ്പാക്കുന്നതിനായി പോത്തുകുട്ടികളെ സൗജന്യ നിരക്കില്‍ വാങ്ങി നല്‍കും. 14 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. വ്യവസായികാടിസ്ഥാനത്തിലുള്ള പശു വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 'മിനി ഡയറി യൂണിറ്റ്' ആരംഭിക്കുന്നതിനും പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്.  കൂടാതെ സഹകരണസംഘങ്ങള്‍ വഴി ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.  മെച്ചപ്പെട്ട ജനിതകഗുണമുള്ള കന്നുകുട്ടികളെ തിരെഞ്ഞെടുത്തു ശാസ്ത്രീയമായ പരിചരണം, തീറ്റക്രമം, ഇന്‍ഷ്വറന്‍സ് എന്നിവ ഉള്‍പ്പെടുത്തിയ കന്നുകുട്ടി പരിപാലന പദ്ധതിയും സുഭിക്ഷ കേരളം വഴി ലക്ഷ്യമിടുന്നു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വഴി മാംസോത്പാദനം ലക്ഷ്യമിട്ട് 63ലക്ഷം രൂപ ചെലവഴിച്ചു 'ബീഫ് ക്ലസ്റ്റര്‍' പദ്ധതിയും സുഭിക്ഷ കേരളത്തിന്റെ ഭാഗമായി നടപ്പാക്കും.

മുഴുവന്‍ പദ്ധതികളുടെയും അപേക്ഷകള്‍ അതത്  മൃഗാശുപത്രികള്‍  വഴിയാണ്  സ്വീകരിക്കുന്നത്.  മൃഗസംരക്ഷണ മേഖലയിലുള്ള മുഴുവന്‍  കര്‍ഷകര്‍ക്കും  പ്രയോജനകരമാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സുഭിക്ഷ കേരളത്തിന്റെ ഭാഗമായി  ജില്ലാ-ബ്ലോക്ക്-വകുപ്പ് തലങ്ങളില്‍ ലഭ്യമായ തുക വിനിയോഗിക്കുന്നതിനൊപ്പം കുടുംബംശ്രീ, എം ജി എന്‍ ആര്‍ ഇ ജി എസ്, വിവിധ സഹകരണബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നും ധനസഹായം ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ ഡി സുഷമാകുമാരി പറഞ്ഞു.