നാല് പേര്‍ക്ക് കൂടി കോവിഡ് ബാധ; ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ

post

കണ്ണൂര്‍: ജില്ലയില്‍ നാല് പേര്‍ക്ക് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ട് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.  

ജൂണ്‍ 11ന് കണ്ണൂര്‍ വിമാനത്താവളം വഴി സൗദിയില്‍ നിന്നുള്ള എഐ 1934 വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശി 27കാരന്‍, ജൂണ്‍ 12ന് കരിപ്പൂര്‍ വിമാനത്താവളം വഴി കുവൈറ്റില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശി 58കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നുവന്നവര്‍. ജൂണ്‍ ഒന്നിനാണ് വാരം സ്വദേശി 48കാരന്‍ മുംബൈയില്‍ നിന്നെത്തിയത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് കണ്ണൂര്‍ സ്വദേശിയായ 14കാരനാണ്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 320 ആയി. ഇവരില്‍ 200 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മയ്യില്‍ സ്വദേശി 45കാരന്‍ ഇന്നലെയാണ് ഡിസ്ചാര്‍ജായത്. 

ജില്ലയില്‍ നിലവില്‍ 14,415 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 71 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 21 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 86 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 17 പേരും വീടുകളില്‍ 14,220 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 11,140 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 10,751 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 9,609 എണ്ണം നെഗറ്റീവാണ്. 389 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.