കോവിഡ് 19: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങളായി

post

തിരുവനന്തപുരം : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ക്രമീകരിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങളായി. ജൂണ്‍ 30 വരെയാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബാധകം. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാത്ത ജീവനക്കാര്‍ക്കെതിരെ വകുപ്പ് മേലധികാരികള്‍ക്ക് അച്ചടക്ക നടപടി സ്വീകരിക്കാം. അവശ്യ സര്‍വീസുകളായ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം മുടങ്ങാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. ഇവിടങ്ങളിലെ ജീവനക്കാരുടെ 50 ശതമാനം രണ്ടാഴ്ചക്കാലത്തേക്കും ബാക്കിയുള്ള 50 ശതമാനം അടുത്ത രണ്ടാഴ്ച കാലത്തേക്കുമായി ക്രമീകരിച്ച് റോസ്റ്റര്‍ തയ്യാറാക്കി പ്രവര്‍ത്തിക്കണം. മറ്റ് ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണവും സ്ഥലസൗകര്യവും പ്രവര്‍ത്തന സ്വഭാവവും പരിഗണിച്ച് സമൂഹിക അകലം ഉറപ്പുവരുത്തി പ്രവര്‍ത്തിക്കുന്നതിന് ജീവനക്കാരുടെ എണ്ണം ഓഫീസ് മേലധികാരിക്ക് ക്രമീകരിക്കാം. ഓഫീസുകളിലെ സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ ഹാജരാകുന്ന ദിവസങ്ങളില്‍ അവരുടെ ചുമതല കൂടാതെ മറ്റു വിഭാഗങ്ങളുടെ പ്രവര്‍ത്തനവും സുഗമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം.

സെക്രട്ടേറിയറ്റിലെ ഓരോ വകുപ്പിലെയും ക്രമീകരണം വകുപ്പ് സെക്രട്ടറിമാരോ അവര്‍ ചുമതലപ്പെടുത്തുന്നവരോ നടത്തണം. ഓഫീസില്‍ ഹാജരാകാത്ത ദിവസം ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ പ്രവര്‍ത്തിക്കണം. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥര്‍ എല്ലാ ദിവസവും ഓഫീസില്‍ എത്തണം.

ഓഫീസുകളില്‍ സാമൂഹ്യ അകലം പാലിക്കുന്നതിന് ഒരു ഓഫീസറുടെ ക്യാബിന്‍ ഒന്നിലധികം പേര്‍ പങ്കിടാതിരിക്കാന്‍ ശ്രദ്ധിക്കണം. ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തുമ്പോള്‍ ഓഫീസ് പ്രവര്‍ത്തനം സാധാരണ നിലയില്‍ ഹാജരാകുന്ന ഉദ്യോഗസ്ഥരാല്‍ നിര്‍വഹിക്കപ്പെടുന്നുവെന്ന് മേലധികാരി ഉറപ്പാക്കണം. പ്രകടമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണം.

ക്രമീകരണത്തിന്റെ ഭാഗമായി ഓഫീസില്‍ ഹാജരാകാത്ത ജീവനക്കാര്‍ മേലധികാരി ആവശ്യപ്പെടുമ്പോള്‍ എത്തണം. മറ്റു ജില്ലകളില്‍ താമസിക്കുന്ന, കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ട, ജീവനക്കാര്‍ക്ക് സ്വന്തം ജില്ലയിലെ കളക്ട്രേറ്റ്, പഞ്ചായത്ത് ഓഫീസുകളില്‍ മാതൃവകുപ്പിന്റെ അനുമതിയോടെ റിപ്പോര്‍ട്ട് ചെയ്ത് ജോലി നിര്‍വഹിക്കാം.

ഹോട്ട്സ്പോട്ട്, കണ്ടെയ്ന്‍മെന്റ് സോണുകളിലെ ജീവനക്കാര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ കഴിയുന്ന വീടുകളിലെ ജീവനക്കാര്‍ക്കും ഓഫീസില്‍ ഹാജരാകുന്നതിന് ഇളവ് നല്‍കും. ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലെ സെക്രട്ടറിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചാല്‍ ഈ കാലയളവില്‍ ബന്ധപ്പെട്ട മേലധികാരിക്ക് സ്പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കാം. സാധ്യമാകുമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം നിര്‍വഹിക്കാന്‍ വേണ്ട ക്രമീകരണം മേലധികാരി ഏര്‍പ്പെടുത്തണം. കോവിഡ് വ്യാപനം തടയുന്നതിന് ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ചുമതലകള്‍ അധ്യാപകര്‍ നിര്‍വഹിക്കണം.