വയനാട് ജില്ലയില്‍ 2000 ആദിവാസികള്‍ക്ക് കൂടി ഭൂമി ലഭ്യമാക്കും
വയനാട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഭൂമി വിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതോടെ ജില്ലയിലെ ഭൂരഹിതരായ 2000 ത്തോളം ആദിവാസികള്‍ കൂടി ഇനി ഭുവുടമകള്‍. 101.87 ഹെക്ടര്‍ ഭൂമിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്കായി വിതരണം ചെയ്യുക. പട്ടികവര്‍ഗ്ഗ, സര്‍വ്വെ, റവന്യൂ, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ആദിവാസികള്‍ക്കായി കണ്ടെത്തിയ ഭൂമി വാസയോഗ്യവും കൃഷിയോഗ്യവുമാണെന്ന് വിലയിരുത്തിയിരുന്നു. ഇതോടൊപ്പം ലാന്റ് ബാങ്ക് പദ്ധതി പ്രകാരവും ഭൂമി ലഭ്യമാക്കുന്നതിനുളള നടപടികളും വനാവകാശ നിയമപ്രകാരം 600 പേര്‍ക്ക് ഭൂമി അനുവദിക്കുന്നതിനുളള നടപടികളും പുരോഗമിക്കുകയാണ്. ജില്ലയിലാകെ 3215ലധികം ഭൂരഹിതരുണ്ടെന്നാണ് പ്രാഥമിക കണക്ക്. 4463 പേര്‍ക്ക് വനാവകാശ നിയമപ്രകാരം ഇതുവരെ ഭൂമി നല്‍കിയിട്ടുണ്ട്.
മഴക്കാലത്ത് സ്ഥിരമായി വെളളം കയറുന്ന കോളനികളില്‍പ്പെട്ട 171 ആദിവാസി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി പകരം ഭൂമി ലഭ്യമാക്കിയിട്ടുണ്ട്. 20.53 ഏക്കര്‍ ഭൂമിയാണ് ഇതിനായി മാത്രം കണ്ടെത്തിയത്. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ വീട് നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്. 6 ലക്ഷം രൂപ ചെലവിലാണ് വീടുകള്‍ ഉയരുന്നത്.
ഭൂരഹിത പട്ടികവര്‍ഗ്ഗക്കാരായ ഗുണഭോക്താക്കളെ കണ്ടെത്തുന്ന നടപടികള്‍ ആദിവാസി പുനരധിവാസ ജില്ലാ മിഷന്‍ മുഖേന തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ സ്ഥിരതാമസക്കാരും ഭൂരഹിതരും നാമമാത്ര ഭൂമിയുള്ളതുമായ പട്ടിക വര്‍ഗ്ഗക്കാരെയാണ് പരിഗണിക്കുക. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുളള അപേക്ഷ ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസുകളിലൂടെയാണ് വിതരണം ചെയ്യുന്നത്. ഡിസംബര്‍ 28 വരെ അപേക്ഷകള്‍ സ്വീകരിക്കും.