ഓണ്‍ലൈന്‍ വിദ്യാഭ്യാസം; ഡിജിറ്റല്‍ വായനയുടെ സാധ്യത വര്‍ധിപ്പിക്കും

post

കൊല്ലം : കോവിഡ് പശ്ചാത്തലത്തില്‍  ഓണ്‍ലൈന്‍ വിദ്യാഭ്യാസ നയങ്ങള്‍ ഡിജിറ്റല്‍ വായനയുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന വായനാദിന മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു  മന്ത്രി.

മണ്‍ട്രോതുരുത്തിലെ വായനശാലയുമായുള്ള തന്റെ  ആത്മബന്ധവും വായനാ അനുഭവങ്ങളും മന്ത്രി പങ്കുവച്ചു. പി കെ ബാലകൃഷ്ണന്റെ 'ഇനി ഞാന്‍ ഉറങ്ങട്ടെ', എം ടിയുടെ 'രണ്ടാമൂഴം', കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത' തുടങ്ങിയ പുസ്തകങ്ങള്‍ വായനയുടെ വ്യത്യസ്ത അനുഭവം നല്‍കിയിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലൈബ്രറികളുടെ രൂപീകരണത്തിന് പി എന്‍ പണിക്കരുടെ  അതുല്യമായ  സേവനങ്ങള്‍  മന്ത്രി വിശദീകരിച്ചു.

ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്,   പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  പരിപാടിയില്‍ എ ഡി എം പി ആര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി.  പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി എന്‍ ജയചന്ദ്രന്‍ വായനാദിന പ്രതിജ്ഞ ചൊല്ലി. വായനാദിന മാസാചരണത്തിന്റെ  ഭാഗമായി ഓണ്‍ലൈന്‍ ക്വിസ്, വെബിനാര്‍, ഇ-വായന, ചിത്രരചനാ മത്സരം, ഉപന്യാസ മത്സരം, കഥ പറച്ചില്‍ മത്സരം, പ്രസംഗ മത്സരം, പദ്യപാരായണം എന്നിവ വരുംദിവസങ്ങളില്‍  നടക്കും. ഡെപ്യൂട്ടി കലക്ടര്‍ ബീന റാണി, ഡെപ്യൂട്ടി ഡി എം ഒ ഡോ ആര്‍ ജയശങ്കര്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്  മേഖലാ  ഡെപ്യൂട്ടി ഡയറക്ടര്‍ കെ അബ്ദുല്‍ റഷീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍  കിരണ്‍ റാം, അസിസ്റ്റന്റ് എഡിറ്റര്‍ പി ആര്‍ സാബു, പി  എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ജി ആര്‍ കൃഷ്ണകുമാര്‍,  ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണന്‍ തുടങ്ങിയവര്‍  പങ്കെടുത്തു.