ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞയെടുത്ത് വിദ്യാര്‍ഥികള്‍

post

ഇടുക്കി: 'ഭിന്നശേഷിസൗഹൃദ കേരളം' എന്ന സന്ദേശം ഉള്‍ക്കൊണ്ട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞയെടുത്തു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും സഹകരണത്തോടെയാണ് സ്‌കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിജ്ഞ സംഘടിപ്പിച്ചത്.  

സ്‌കൂളുകളിലെ പ്രധാന അധ്യാപകരുടെയും ടീച്ചര്‍മാരുടെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ജില്ലയിലെ എല്ലാ കോളേജുകളിലും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പ്രധാന അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഭിന്നശേഷി സൗഹൃദ പ്രതിജ്ഞ വിദ്യാര്‍ഥികള്‍ ഏറ്റുചൊല്ലി. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ഇടുക്കി ജില്ലാ കോഡിനേറ്റര്‍ ഷോബി വര്‍ഗീസ് ജില്ലാതലത്തില്‍ ഈ പരിപാടി ഏകോപിപ്പിച്ചു. 

തൊടുപുഴ ന്യൂമാന്‍ കോളേജ്, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ മുതലക്കോടം, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ (ഗേള്‍സ്) മുതലക്കുടം, ഗവണ്‍മെന്റ് ട്രൈബല്‍ ജിഎച്ച്എസ് കട്ടപ്പന,  ഡോക്ടര്‍ എപിജെ അബ്ദുല്‍ കലാം ജിഎച്ച്എസ്എസ് തൊടുപുഴ, സെന്‍ സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് തൊടുപുഴ, കാല്‍വരി മൗണ്ട് ജിഎച്ച്എസ് കട്ടപ്പന തുടങ്ങിയ സ്‌കൂളുകളില്‍ പ്രതിജ്ഞയെടുത്തു.