എന്‍.ഐ.ആര്‍.എഫ് അംഗീകാരവുമായി തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്

post

തൃശൂര്‍ : കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍  റാങ്കിംഗ്  ഫ്രെയിംവര്‍ക്കിന്റെ റാങ്കിങ് പട്ടികയില്‍ ഇടം നേടി തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്. ദേശീയതലത്തില്‍ 164ാം സ്ഥാനമാണ് തൃശൂര്‍ എന്‍ജിനീറിങ് കോളേജ് കരസ്ഥമാക്കിയത്. ഇന്ത്യയില്‍ എന്‍ജിനീയറിങ് ബിരുദതല വിദ്യാഭ്യാസം നല്‍കുന്ന സാങ്കേതിക സ്ഥാപനങ്ങളില്‍നിന്ന് 200 എണ്ണം മാത്രമാണ് ഈ പദവി നേടുന്നത്. മത്സരിക്കുന്ന സ്ഥാപനങ്ങളില്‍ ഐ.ഐ.ടികള്‍, എന്‍.ഐ.ടികള്‍ എന്നിവയും ഉള്‍പ്പെടുന്നു എന്നത് ഈ നേട്ടത്തിന്റെ  മാറ്റുകൂട്ടുന്നു. എന്‍.ഐ.ടി കോഴിക്കോട്,  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസര്‍ച്ച്,  കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് തിരുവനന്തപുരം, കൊച്ചിന്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് എന്നിവയാണ് തൃശൂര്‍ എന്‍ജിനീറിങ് കോളേജിന് പുറമെ കേരളത്തില്‍ നിന്ന് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം നേടിയത്.

2016 മുതല്‍ ആണ് എന്‍ ഐ ആര്‍ എഫ്  ദേശീയ തലത്തില്‍ ഏറ്റവും മികച്ച സാങ്കേതിക സ്ഥാപനങ്ങളെ  തിരഞ്ഞെടുത്തു വരുന്നത്. രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ഒരു സ്ഥാപനത്തിന്റെ മികവ് വര്‍ഷാവര്‍ഷം പ്രതിഫലിപ്പിക്കുന്ന പ്രോഗ്രസ് കാര്‍ഡ് പോലെയാണ്,  കൃത്യമായ മാര്‍ഗരേഖയിലൂടെ  നടത്തുന്ന ഈ റാങ്കിങ്. ഒരു വര്‍ഷത്തെ വിദ്യാഭ്യാസ, അനുബന്ധ പ്രവര്‍ത്തനങ്ങളില്‍  മികച്ച പ്രകടനം കാഴ്ചവെക്കുന്നതില്‍  ഒരു വിദ്യാഭ്യാസ സ്ഥാപനം ഉയര്‍ന്ന നിലവാരത്തിലുള്ള മറ്റു സ്ഥാപനങ്ങളെ  അപേക്ഷിച്ച് ഏതു സ്ഥാനത്ത് നില്‍ക്കുന്നു എന്നതിന്റെ അളവുകോല്‍ ആണിത്.

1957ല്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ബ്രാഞ്ചുകളില്‍ ബിരുദതല വിദ്യാഭ്യാസം നല്‍കാന്‍ ആരംഭിച്ച കോളേജിന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്.  എട്ട് ബ്രാഞ്ചുകളില്‍ ബിരുദതല പഠനം,  13 ബിരുദാനന്തര ബിരുദ പഠനം, എല്ലാ എന്‍ജിനീയറിങ് മേഖലകളിലും പിഎച്ച്ഡി ഗവേഷണം എന്നിവയ്ക്ക് സൗകര്യം നല്‍കുന്നു. 120 വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ കോളേജില്‍ നിന്ന് 700 വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും അറിവ് തേടിയെത്തുന്നത്.

തുടക്കത്തില്‍ കേരള യൂണിവേഴ്സിറ്റിയുടെയും, പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും  കീഴില്‍ ആയിരുന്ന കോളേജ് ഇപ്പോള്‍ എപിജെ അബ്ദുല്‍ കലാം സാങ്കേതിക വിദ്യാഭ്യാസ സര്‍വകലാശാലയുടെ കീഴിലാണ്. ഇവിടുത്തെ എല്ലാ ബിരുദ വിഭാഗങ്ങളും, നാല് ബിരുദാനന്തര ബിരുദങ്ങളും നാഷണല്‍ ബോര്‍ഡ്  ഓഫ്  അക്രെഡിറ്റേഷന്‍  അംഗീകാരം ഉള്ളതാണ്. കൂടാതെ ഇവിടുത്തെ ബി ആര്‍ക്ക്  കോഴ്സ് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറിന്റെ  അംഗീകാരം നേടിയതുമാണ്. ശേഷിക്കുന്ന ബിരുദാനന്തര കോഴ്സുകളുടെ  അംഗീകാരതിനുള്ള  ഉള്ള നടപടി ക്രമങ്ങള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ദേശീയതലത്തില്‍ 2012 മുതല്‍ ഐഎസ് അംഗീകാരവും സര്‍ട്ടിഫിക്കററ്റും  നേടിയ കോളേജിന്റെ  കിരീടത്തില്‍ അഭിമാനകരമായ മറ്റൊരു പൊന്‍തൂവല്‍ ആണ് ഇപ്പോള്‍ ലഭിച്ച എന്‍ ഐ ആര്‍ എഫ്  അംഗീകാരം.