സ്വയംതൊഴിലിനായി അയല്‍കൂട്ടങ്ങള്‍ക്ക് ഒരു കോടി രൂപ കൈമാറി

post

പാലക്കാട് :സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പാലക്കാട് പീപ്പിള്‍സ് സര്‍വ്വീസ് സൊസൈറ്റിക്ക് അനുവദിച്ച ഒരു കോടി രൂപ അയല്‍ക്കൂട്ടങ്ങള്‍ക്ക് കൈമാറി. ജില്ലയില്‍ പി.എസ്. എസ്. പി. രൂപം നല്‍കിയ 45 അയല്‍ക്കൂട്ടങ്ങളില്‍ പിന്നോക്ക വിഭാഗക്കാരായ 194 കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന 26 അയല്‍കൂട്ടങ്ങള്‍ക്കും ന്യൂനപക്ഷ വിഭാഗത്തില്‍പെടുന്ന 72 കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന 19 അയല്‍കൂട്ടങ്ങള്‍ക്കുമാണ് സ്വയം തൊഴിലിനായി തുക കൈമാറിയത്. തുക വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ഷാഫി പറമ്പില്‍ എം എല്‍ എ നിര്‍വ്വഹിച്ചു. അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയുള്ള വനിതാശാക്തീകരണ പ്രക്രിയ കുടുംബങ്ങളുടെ സ്ഥിരവരുമാനത്തിന്റെ നട്ടെല്ലായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. പി.എസ്. എസ്. പി.യ്ക്ക് അനുവദിച്ചിരുന്ന രണ്ടു ലോണുകളും കൃത്യമായി തിരിച്ചടച്ചതിന് കോര്‍പ്പറേഷന്റെ അഭിനന്ദനം ലഭിച്ചതായി അദ്ദേഹം യോഗത്തില്‍ അറിയിച്ചു. പി.എസ്. എസ്. പി ജില്ലാ വിമന്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് ജാന്‍സി മത്തായി അദ്ധ്യക്ഷയായി.എക്‌സിക്ക്യൂട്ടീവ് സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി.  സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാമാനേജര്‍ ആര്‍. ലതഗോപാല്‍, പി.എസ്. എസ്. പി. അസി. ഡയറക്ടര്‍ ഫാ. സെബിന്‍ ഉറുകുഴിയില്‍, ചീഫ്‌കോര്‍ഡിനേറ്റര്‍ ലാലപ്പന്‍.പി.ജെ. പി.എസ്. എസ്. പി. ആനിമേറ്റര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.