വീടുകളിലേക്ക് മടങ്ങുമ്പോള്‍ ജാഗ്രത വേണം

post

കോട്ടയം: പ്രളയത്തില്‍ വെള്ളം കയറിയ വീടുകളിലേക്ക് മടങ്ങുന്നവര്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. 
 
  • ഒറ്റയ്ക്ക് വീട്ടിലേക്ക് പോകരുത്. മുതിര്‍ന്നവര്‍ രണ്ടോ അതിലധികമോ പേര്‍ ഒന്നിച്ചു മാത്രം പോകുക. 
  •  
  • ആദ്യമായി വീട്ടിലേക്ക് പോകുമ്പോള്‍ കുട്ടികളെ കൊണ്ടുപോകരുത്.
  •  
  • വീടിനകത്ത് കയറുന്നതിന് മുന്‍പ് വീടിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക.
  •  
  • ജനലുകള്‍, വാതിലുകള്‍ എന്നിവ ബലം പ്രയോഗിച്ച് തള്ളിത്തുറക്കരുത്. അവ ഇടിഞ്ഞു വീഴുവാന്‍ സാധ്യതയുണ്ട്.
  •  
  • വൈദ്യുതി മെയിന്‍ സ്വിച്ച് ശ്രദ്ധയോടെ ഓഫ് ചെയ്യുക.
  •  
  • വീടിനുള്ളില്‍ കയറിയാലുടന്‍ ഗ്യാസ് സിലിണ്ടര്‍ ഓഫ് ചെയ്യുക. തീപ്പെട്ടി, ലൈറ്റര്‍, മെഴുകുതിരി തുടങ്ങിയവ  കത്തിക്കുവാന്‍ പാടില്ല.
  •  
  • വൈദ്യുത ഉപകരണങ്ങള്‍ സ്വയം പരിശോധിക്കാതെ ഇലക്ട്രീഷ്യന്‍, പ്ലംബര്‍ എന്നിവരുടെ സഹായം തേടുക.
  •  
  • ഫ്രിഡ്ജ്, ഫ്രീസര്‍ തുടങ്ങിയവ തുറക്കുമ്പോള്‍ ഗ്യാസും, ദുര്‍ഗന്ധവും ഉണ്ടാവാനും മൂടി ശക്തമായി തളളിതുറക്കുമ്പോള്‍ അപകടം സംഭവിക്കാനും സാധ്യതയുണ്ട്. 
  •  
  • വീട്ടുപരിസരത്ത് മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതശരീരമുണ്ടെങ്കില്‍ അതില്‍ കൈകൊണ്ട് തൊടരുത്.
  •  
  • വീടിനകത്തും പുറത്തും പാമ്പുകളും മറ്റ് ഇഴജന്തുക്കളും ഉണ്ടാകും.
  •  
  • പാമ്പുകടിയേറ്റാല്‍ മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. ഉടന്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുക.
  •  
  • ഭക്ഷണം പാകം ചെയ്യുവാനും കഴിക്കുവാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ബ്ലീച്ചിംഗ് ലായനി (10 ലിറ്റര്‍ വെള്ളത്തില്‍ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും 2/3 സ്പൂണ്‍ ഡിറ്റര്‍ജന്റ് പൗഡറും) ഉപയോഗിച്ച് അണുനശീകരണം നടത്തിയതിനും ശേഷം മാത്രം ഉപയോഗിക്കുക.
  •  
  • പനി, പനിയോടൊപ്പം തടിപ്പുകളും തിണര്‍പ്പുകളും, വയറിളക്കം, ഛര്‍ദ്ദി ഇവയുണ്ടായാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കുക. 
  •  
  • വെള്ളം ശുദ്ധീകരിക്കാനും വീടുകള്‍ അണുവിമുക്തമാക്കാനും ഏറ്റവും നല്ലത് ക്ലോറിനേഷനാണ്.
  •  
  • കക്കൂസ് മാലിന്യംമൂലം മലിനമാകാന്‍ സാധ്യതയുളള സ്ഥലങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍, ഫിനോയില്‍ എന്നിവ ഉപയോഗിച്ച് വൃത്തിയാക്കുക.
  •  
  • പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്ക ഉപയോഗിക്കാം.
  •  
  • കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ (1000 ലിറ്റര്‍ വെള്ളത്തില്‍ അഞ്ച് ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍) നടത്തി ഒരു മണിക്കൂറിന് ശേഷം ഉപയോഗിക്കുക.
  •  
  • കുപ്പിവെള്ളം 20 മിനിറ്റ് തിളപ്പിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക. 
  •  
  • വെള്ളപ്പൊക്കത്തിനു മുമ്പ് സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക.