കണ്ണൂര്‍ വിമാനത്താവളം: ഒറ്റപ്പെട്ട സംഭവം ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തരുത്: കളക്ടര്‍

post


കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തിലെത്തുന്ന പ്രവാസികള്‍ക്ക് ചെക്ക് - ഇന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിലെ   കാലതാമസം മൂലം ഏറെനേരം കാത്തുനില്‍ക്കേണ്ടിവരുന്നുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ  പ്രചരിക്കുന്ന വീഡിയോ വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ ടിവി സുഭാഷ് അറിയിച്ചു.  ഒരു പ്രത്യേക ദിവസത്തെ  ചിത്രം ഉപയോഗിച്ച്  സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് സന്നദ്ധ പ്രവര്‍ത്തകരുടെയടക്കം ആത്മവീര്യം കെടുത്തുന്ന തരത്തിലാണെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു.

ജൂണ്‍ 19ന് എട്ട് വിമാനങ്ങളാണ് കണ്ണൂരിലെത്തിയത്. അന്നേദിവസം കൂടുതല്‍ വോളണ്ടിയര്‍മാരെ ആവശ്യമായി വന്നിരുന്നു. വോളണ്ടിയര്‍മാരുടെ പോലീസ് പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍  ചെറിയ കാലതാമസം നേരിട്ടിരുന്നു.  ഈ സമയത്ത് മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്കുള്ള സലാം എയര്‍ലൈന്‍സിന്റെ  വിമാനത്തില്‍ എത്തിയ യാത്രക്കാരുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നതെന്നും അതിനു മുന്‍പോ ശേഷമോ അത്തരത്തില്‍ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സബ്കളക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സംഘം വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കുന്നുണ്ടെന്നും  തെറ്റിദ്ധാരണാജനകമായ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍  പ്രചരിപ്പിക്കരുതെന്നും കളക്ടര്‍  നിര്‍ദേശിച്ചു.