ലളിതമായ ചടങ്ങുകളോടെ അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം

post

 ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:  അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദീപശിഖ തെളിയിച്ച് ഉദ്ഘാടനം ചെയ്തു. രാജ്ഭവനില്‍ ലളിതമായ ചടങ്ങുകളോടെയാണ് ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിച്ചത്. പരസ്പര ബഹുമാനം, സൗഹൃദം, മികവ് എന്നീ മൂല്യങ്ങളാണ് ഒളിമ്പിക് ദിനം ഓര്‍മ്മപ്പെടുത്തുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രായ ലിംഗ ഭേദമന്യേ എല്ലാവരും കായികയിനങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്.  ആരോഗ്യമുള്ള ഭാവിയിലേക്കായി കരുത്താര്‍ജിച്ച ശരീരവും ആവശ്യമാണ്്. ഇതിന് കായിക പരിശീലനം ആവശ്യമാണ്. ശാരീരിക ക്ഷമത കൈവരിച്ചാല്‍ മാത്രമേ മാനസിക ഉണര്‍വും കൈവരികയുള്ളുവെന്നും ഏവരും യോഗ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. 'വീട്ടിലിരിക്കൂ, ശക്തരായിരിക്കൂ, ആരോഗ്യവാന്‍മാരായിരിക്കൂ' എന്നതാണ് ഇത്തവണത്തെ ഒളിമ്പിക് ദിന പ്രമേയം. ഈ പ്രമേയം അനുസരിച്ച്  ഒളിമ്പിക് ദിനാചരണം സംഘടിപ്പിച്ച കേരള ഒളിമ്പിക് അസോസിയേഷനെ ഗവര്‍ണര്‍ പ്രത്യേകം അഭിനന്ദിച്ചു.

ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ഏവരും ശാരീരികമായി കരുത്താര്‍ജിക്കണമെന്നും ഇതിനായുള്ള പരിശീലനങ്ങള്‍ ഓരോ വീട്ടിലും തുടങ്ങണമെന്ന് മന്ത്രി പറഞ്ഞു. കായിക ലോകവും ലോക്ഡൗണിലാണ്. ഇതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര കായിക മത്സരങ്ങളെല്ലാം മാറ്റിവെച്ചത്. എന്നാല്‍ ലോക്ഡൗണ്‍ പരിശീലനത്തെ ബാധിക്കരുതെന്നും യോഗ ഉള്‍പ്പെടയുള്ള പരിശീലനങ്ങള്‍ കുട്ടികളും മുതിര്‍ന്നവരും വീടുകളില്‍ തന്നെ തുടരണമെന്നും മന്ത്രി പറഞ്ഞു.

മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്രകടനവും നടന്നു. ഗവര്‍ണറുടെ വാച്ച് അപ്രത്യക്ഷമാക്കിയത് കണ്ടെത്തിയതും പെട്ടിയ്ക്കുള്ളില്‍ നിന്ന് ദീപശിഖയുമായി ഒളിമ്പ്യന്‍ എ.രാധികാ സുരേഷ് പുറത്തു വന്നതുമായ പ്രകടനങ്ങള്‍ ഒളിമ്പിക് ദിനത്തില്‍ കൗതുകമായി. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്രസിംഗ് ദൊഡാവത്, കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി.സുനില്‍കുമാര്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, സ്‌പോര്‍ട്‌സ് വകുപ്പ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, എല്‍.എന്‍.സി.പി.ഇ പ്രിന്‍സിപ്പാള്‍ ഡോ. ജി. കിഷോര്‍, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എസ്. രാജീവ്, ട്രഷറര്‍ എം.ആര്‍. രഞ്ജിത്, വൈസ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍, തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ചെയര്‍മാന്‍ കെ.എസ്. ബാലഗോപാല്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എസ്.എസ്. സുധീര്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ കണ്‍വീനര്‍ ആര്‍. അയ്യപ്പന്‍,  തുടങ്ങിയവര്‍ സംബന്ധിച്ചു