'തോട്ടങ്ങളിലേക്ക് നീങ്ങാം'ഉറവിട നശീകരണ ക്യാമ്പയിനുകള്‍ക്ക് നാളെ തുടക്കം

post

മലപ്പുറം : കൊതുകുജന്യ പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി  സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'തോട്ടങ്ങളിലേയ്ക്ക് നീങ്ങാം' എന്ന ആരോഗ്യ ബോധവത്ക്കരണപരിപാടിക്ക് ജില്ലയില്‍ ജൂണ്‍ 25ന് തുടക്കമാകും.  ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെ തടയുന്നതിന്റെ ഭാഗമായാണ്  ജില്ലയില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന് മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി.  തോട്ടം ഉടമകള്‍, തൊഴിലാളികള്‍ എന്നിവരെ ചേര്‍ത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പ്രതിനിധിയുടെ  സാന്നിധ്യത്തില്‍ കോവിഡ് മാനദണ്ഡ പ്രകാരം ബ്ലോക്ക്തലത്തില്‍ യോഗം ചേരും.  

ക്യാമ്പയിനിന്റെ ഭാഗമായി റബ്ബര്‍തോട്ടങ്ങളില്‍ ലാറ്റക്സ്‌കപ്പുകള്‍, ചിരട്ടകള്‍, റെയിന്‍ഗാര്‍ഡ് എന്നിവയില്‍ വെള്ളംകെട്ടി നില്‍ക്കുന്നില്ല എന്ന് ഉറപ്പു വരുത്തും. കവുങ്ങിന്‍ തോട്ടങ്ങളില്‍ ഉപയോഗ ശൂന്യമായ പാളകള്‍  നീക്കം ചെയ്യും. പൈനാപ്പിള്‍ തോട്ടങ്ങളില്‍ ചെടികളുടെ ഇലകള്‍ക്കിടയില്‍ മഴവെള്ളം കെട്ടിനിന്ന് കൊതുക് പെരുകാന്‍ സാധ്യതയുള്ളതിനാല്‍ ടെമിഫോസ്, ബി.ടി.ഐ, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഉപയോഗിച്ച് ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കൊക്കോ തോട്ടങ്ങളില്‍ വീണുകിടക്കുന്ന തോടുകള്‍ ശേഖരിച്ച് നശിപ്പിക്കും. തോട്ടങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ ഉറവിട സാന്നിധ്യം കണ്ടെത്തിയാല്‍ തോട്ടം ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും തുടര്‍ന്ന് അവര്‍ക്കെതിരെ  നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഡെങ്കിപ്പനി/ചിക്കുന്‍ഗുനിയ രോഗപ്രതിരോധ നടപടികളെക്കുറിച്ച് വീടുകളില്‍ സന്ദര്‍ശനം നടത്തി വിപുലമായ ആരോഗ്യബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും.