ജില്ലയില്‍ ആറ് പേര്‍ക്കു കൂടി രോഗബാധ

post

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം ജീവനക്കാരന്‍ ഉള്‍പ്പെടെ  ആറ് പേര്‍ക്ക് കൂടി കോഴിക്കോട് ജില്ലയില്‍ ഇന്നലെ (23.06.20) കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. മൂന്ന് പേര്‍ വിദേശത്ത് നിന്നും (മസ്‌ക്കത്ത്- 2, ഷാര്‍ജ- 1) രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും (ബാംഗ്ലൂര്‍-1, ചെന്നൈ-1) വന്നവരാണ്.

പോസിറ്റീവായവര്‍:

1. പയ്യോളി സ്വദേശി (46)- ജൂണ്‍ 19 ന് വിമാനമാര്‍ഗം മസ്‌ക്കറ്റില്‍ നിന്നു കോഴിക്കോട്ടെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 20 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവായി.

2. അത്തോളി സ്വദേശി (49)- ജൂണ്‍ 20 ന് ബാംഗ്ലൂരില്‍ നിന്ന് രാത്രി 11.30 ന് ലോറിയില്‍  കോഴിക്കോട്ടെത്തി. കൂടെ താമസിക്കുന്നവര്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ഓട്ടോ വിളിച്ച് മെഡിക്കല്‍ കോളേജിലെത്തി. സ്രവപരിശോധന നടത്തി പോസിറ്റീവായി.

3. ചോറോട് സ്വദേശി (44)- ജൂണ്‍ 21 ന് മസ്‌ക്കറ്റില്‍ നിന്നു   വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി. സ്വകാര്യ ടാക്സിയില്‍  വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവായി.

4. വാണിമേല്‍ സ്വദേശി (39)- ജൂണ്‍ 19 ന് ചെന്നൈയില്‍  നിന്നു ട്രാവലറില്‍ വടകരയിലും അവിടെ നിന്നും ആംബുലന്‍സില്‍ വീട്ടിലുമെത്തി. ജൂണ്‍ 21 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവായി.

5. കോഴിക്കോട് വിമാനത്താവളം ജീവനക്കാരനായ നടുവണ്ണൂര്‍ സ്വദേശി (31)- കോവിഡ് പോസിറ്റീവായ എയര്‍പോര്‍ട്ട് ജീവനക്കാരനുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു. ജൂണ്‍ 18 ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്വന്തം വാഹനത്തില്‍ എത്തുകയും സ്രവപരിശോധന നടത്തി പോസിറ്റീവായതിനാല്‍ ചികിത്സയ്ക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റുകയും ചെയ്തു.

6. കിഴക്കോത്ത് സ്വദേശിനി (25)- ജൂണ്‍ 18 ന് ഷാര്‍ജയില്‍ നിന്നു വിമാനമാര്‍ഗ്ഗം കോഴിക്കോട്ടെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തി  സ്രവ പരിശോധന നടത്തി. പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

ആറ് പേരുടേയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 217 ഉം രോഗമുക്തി നേടിയവര്‍ 103 ഉം ആയി. ഒരു മരണം. ഇപ്പോള്‍ 113 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലണ്ട്. ഇതില്‍ 41 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 67 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 2 പേര്‍ കണ്ണൂരിലും, 2 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും  ചികിത്സയിലാണ്. ഇതുകൂടാതെ 2  കണ്ണൂര്‍ സ്വദേശികള്‍, ഒരു പാലക്കാട് സ്വദേശി എന്നിവര്‍  കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.

ഇന്നലെ 198 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 10983 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 10730 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 10482 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 253 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

പുതുതായി വന്ന 894 പേര്‍ ഉള്‍പ്പെടെ 15032 പേര്‍ നിരീക്ഷണത്തില്‍. 43038 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 19 പേര്‍ ഉള്‍പ്പെടെ 201 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 125 പേര്‍ മെഡിക്കല്‍ കോളേജിലും 76 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 23 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

 595 പേര്‍ ഉള്‍പ്പെടെ ആകെ 7471 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍  537 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 6874 പേര്‍ വീടുകളിലും 60 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 137 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 3693 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 21 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. 341 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 2745 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 10253 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.