ജില്ലയില്‍ 15 പേര്‍ കൂടി രോഗമുക്തരായി

post

മലപ്പുറം : കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസോലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 15 പേര്‍ കൂടി ഇന്നലെ (ജൂണ്‍ 23) രോഗമുക്തരായി. എടയൂര്‍ മന്നത്ത്പറമ്പ് സ്വദേശി 26 വയസുകാരന്‍, മാറഞ്ചേരി സ്വദേശി 42 വയസുകാരന്‍, വള്ളിക്കുന്ന് കടലുണ്ടിനഗരം സ്വദേശിനി 38 വയസുകാരി, കല്‍പകഞ്ചേരി മാമ്പ്ര സ്വദേശി 36 വയസുകാരന്‍, വട്ടംകുളം കുറ്റിപ്പാല സ്വദേശി 25 വയസുകാരന്‍, ആനക്കയം വള്ളിക്കാപ്പറ്റ സ്വദേശിനി 44 വയസുകാരി, പട്ടിക്കാട് മണ്ണാര്‍മല സ്വദേശിനി 18 വയസുകാരി, വാഴക്കാട് കരുവാടി സ്വദേശി 21 വയസുകാരന്‍, കല്‍പകഞ്ചേരി മാമ്പ്രയില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി 26 വയസുകാരന്‍, പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്സ് ജീവനക്കാരനായ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി 50 വയസുകാരന്‍, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഡ്രൈവറായ തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി 41 വയസുകാരന്‍, മലപ്പുറം കോട്ടപ്പടി സ്വദേശി 23 വയസുകാരന്‍, തെന്നല ഗ്രാമപഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വട്ടംകുളം അത്താണിക്കല്‍ സ്വദേശിനി 44 വയസുകാരി, വട്ടംകുളം കുറ്റിപ്പാല സ്വദേശി 57 വയസുകാരന്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാരനായ തിരുവാലി സ്വദേശി 36 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ .സക്കീന അറിയിച്ചു.

 ജില്ലയില്‍ 1,656 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21,413 പേര്‍

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി  ജില്ലയില്‍ ഇന്നലെ (ജൂണ്‍ 23) 1,656 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 21,413 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 345 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 274 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നാല് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 56 പേരും മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ എട്ട് പേരുമാണ് ചികിത്സയിലുള്ളത്. 19,689 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,379 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

ജില്ലയില്‍ ചികിത്സയിലുള്ളത് 197 പേര്‍

ജില്ലയില്‍ ഇതുവരെ 379 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ച് 197 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതില്‍ അഞ്ച് പാലക്കാട് സ്വദേശികളും മൂന്ന് തൃശൂര്‍ സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികളും ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഓരോരുത്തരും ഉള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 7,099 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 645 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.