മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷിയുമായി പള്ളിപ്പുുറം ഗ്രാമപഞ്ചായത്ത്

post

ആലപ്പുഴ: പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷി പദ്ധതിയുമായി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. 2019-20 ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ പദ്ധതിയുടെ വിതരണോദ്ഘാടനം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍. ഹരിക്കുട്ടന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ 17 വാര്‍ഡുകളിലെ വീടുകളിലേക്കായി അഞ്ച് ഇനം പച്ചക്കറികളും മണ്‍ചട്ടികളുമാണ് ഈ പദ്ധതി വഴി നല്‍കുന്നത്. കൂടാതെ തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തി കൃഷി വിപുലമാക്കാനും പദ്ധതിയുണ്ട്.

സുഭിക്ഷ കേരളം പദ്ധതയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി തൈകള്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് പഞ്ചായത്തിലെ 7,700 ഓളം കുടുംബങ്ങള്‍ക്കായി 25 തൈകള്‍ പ്രകാരം ഏകദേശം രണ്ടു ലക്ഷത്തോളം പച്ചക്കറി തൈകള്‍ നല്‍കാനാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടോമി ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ആശാ എ. നായര്‍, പഞ്ചായത്ത് അംഗങ്ങളായ ജ്യോതിശ്രീ, ഉഷ മനോജ്, നൈസി ബെന്നി, മണിക്കുട്ടന്‍, പി.സി സിനിമോന്‍, രമേശന്‍ എന്നിവര്‍ പങ്കെടുത്തു.