അഴീക്കോട്-മുനമ്പം പാലം : ഉന്നതതല യോഗം ചേര്‍ന്നു

post

തൃശൂര്‍ : അഴീക്കോട് മുനമ്പം പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കോവിഡ് 19ഉം ലോക്ഡൗണും പദ്ധതിയെ ബാധിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പി ഡബ്ല്യു ഡിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തത്. പാലവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍മാര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കി.

അഴീക്കോട് മുനമ്പം കായലിന് കുറുകെ 6.31മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ രീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്റെ അനുബന്ധ റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 6.49 കോടിയും മുനമ്പം ഭാഗത്ത് 8.13 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. സാമൂഹിക പ്രത്യാഘാത പഠനം വിലയിരുത്തല്‍ റിപ്പോര്‍ട്ടിന് വേണ്ടിയുള്ള ഹിയറിംഗ് 2019 ഓഗസ്റ്റില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. കളമശ്ശേരി രാജഗിരി കോളേജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ആഘാതപഠനം പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തില്‍ സ്ഥലവും വീടും നഷ്ടപ്പെടുന്ന മുഴുവന്‍ പേരെയും പങ്കെടുപ്പിച്ചായിരുന്നു ഹിയറിംഗ്.

പരിസ്ഥിതി ആഘാതപഠനം പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തില്‍ 428/ 6, 429/8, 430/4, 196/4 എന്നീ സര്‍വ്വേ നമ്പറില്‍ കിടക്കുന്ന 18 ഭൂഉടമകളുടെ വീടും സ്ഥലവുമാണ് സര്‍ക്കാര്‍ റോഡ് നിര്‍മാണത്തിനായി ഏറ്റെടുക്കുക. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അപ്രോച്ച് റോഡിന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കല്‍ നടക്കുക. തുടര്‍ന്ന് 2019 ഡിസംബറില്‍ പാലം നിര്‍മ്മാണവുമായി അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി സാമൂഹ്യ പ്രത്യാഘാത റിപ്പോര്‍ട്ട് വിലയിരുത്തുന്ന ഏഴംഗ സമിതി പദ്ധതി പ്രദേശം സന്ദര്‍ശിച്ച് ഭൂവുടമകളുമായി ചര്‍ച്ച നടത്തിയിരുന്നു. യോഗത്തില്‍ പി ഡബ്ലു ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സിജി കരുണാകരന്‍, എ ഇ മാരായ സന്തോഷ്, ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.