ഇനി ഞാന്‍ ഒഴുകട്ടെ ക്യാമ്പയിനിലൂടെ പുഴകളുടെ വീണ്ടെടുപ്പ് സാധ്യമാകും

post

പത്തനംതിട്ട: 'ഇനി ഞാന്‍ ഒഴുകട്ടെ' നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന്റെ ഭാഗമായി മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ തിരഞ്ഞെടുത്ത കുളത്തുങ്കല്‍പടി ചെങ്ങോലിക്കല്‍പടി തോട് നവീകരണത്തിന്റെ ഉദ്ഘാടനം പൊതിപാടു അയന്ദിപടിക്ക് സമീപം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി നിര്‍വഹിച്ചു. നീര്‍ച്ചാല്‍ പുനരുജീവനത്തോടെ കൃഷി പുനരുജീവനവും മത്സ്യ കൃഷിക്കും സാധ്യതകള്‍ ഉണ്ടാകുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. നശിച്ചുകൊണ്ടിരിക്കുന്ന പുഴകളും നീര്‍ച്ചാലുകളും ഇന്ന് സാധാരണ കാഴ്ച ആണ്. കൂടാതെ പുഴയ്ക്ക് അതിന്റെ സ്വാഭാവിക ഒഴുക്ക് നഷ്ടമായി. ഈ പുഴകളെ വീണ്ടെടുക്കാന്‍ ഹരിത കേരളം മിഷന്റെ ഇനി ഞാന്‍ ഒഴുകട്ടെ എന്ന ക്യാമ്പയിനിലൂടെ സാധ്യമാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

   മൂന്നു കിലോമീറ്റര്‍ നീളം വരുന്ന ഈ തോട് 2, 3 വാര്‍ഡുകളിലൂടെയാണ് കടന്നുപോകുന്നത്. പൊതിപാടു ഭാഗം മുന്നൂറോളം പേരുടെ പങ്കാളിത്തത്തോടെ വൃത്തിയാക്കി. ഈ ഭാഗങ്ങളിലെ കാടും ചപ്പുചവറുകളും നീക്കം ചെയ്ത് തോടിന് ആഴംകൂട്ടി. വരും ദിവസങ്ങളില്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ സഹായത്തോടെ തനത് തോടിന്റെ ബാക്കി ഭാഗങ്ങളും, മറ്റ് തോടുകളും പുനരുജീവിപ്പിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.  

ഇനി ഞാന്‍ ഒഴുകട്ടെ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെ സഹായത്തോടെ വിവിധ തോടുകളുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ മാവരതോട് നവീകരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സക്കറിയ വര്‍ഗീസ്, അരുവാപ്പുലം  പുളിഞ്ചാണി തോട് നവീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില്‍ വര്‍ഗീസ് ആന്റണി, തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ പതാലില്‍ തോട് നവീകരണം പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി എന്നിവര്‍ നിര്‍വഹിച്ചു.

   ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മേലേച്ചിറ വലിയതോട്  ശുചീകരണം വീണാ ജോര്‍ജ് എംഎല്‍എ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാ ദേവി, കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ അഡ്വ. മാത്യു.ടി.തോമസ് എം.എല്‍.എ, കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഇലന്തൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജെറി സാം മാത്യു, ചെറുകോല്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍ രാജേഷ് എന്നിവര്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. കൂടാതെ മല്ലപ്പള്ളി, അടൂര്‍ നഗരസഭ എന്നിവിടങ്ങളിലും നീര്‍ച്ചാല്‍ പുനരുജ്ജീവന ക്യാമ്പയിന്‍ നടക്കും