ഊര്‍ജസംരക്ഷണം ജീവിതചര്യയാക്കണം: മന്ത്രി എം.എം മണി

post

തിരുവനന്തപുരം : ഊര്‍ജസംരക്ഷണം ജീവിതചര്യയാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. എല്‍.ഇ.ഡി ഉപയോഗത്തിലൂടെ ഊര്‍ജ ഉപഭോഗം പരമാവധി കുറയ്ക്കണം. ഊര്‍ജസംരക്ഷണത്തിന്റെ കാര്യത്തില്‍ കേരളം രാജ്യത്തിനുതന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ സംസ്ഥാന ഊര്‍ജസംരക്ഷണ പുരസ്‌കാരങ്ങള്‍ ശ്രീകാര്യം എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കളുടെ വിഭാഗത്തില്‍ തൃശൂര്‍ അപ്പോളോ ടയേഴ്‌സ് പുരസ്‌കാരം കരസ്ഥമാക്കി.  ചവറ കെ.എം.എം.എല്‍ പ്രശസ്തിപത്രവും നേടി. ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കളുടെ വിഭാഗത്തില്‍ മൂന്നാര്‍ വാഗുവറെ ഫാക്ടറിയും ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കളുടെ വിഭാഗത്തില്‍ പാലക്കാട് ബി.ഇ.എം.എല്‍ ലിമിറ്റഡും പുരസ്‌കാരം സ്വന്തമാക്കി. സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്തിനും തിരുവനന്തപുരം കെ.എസ്.ഇ.ബിക്കും പുരസ്‌കാരം ലഭിച്ചു.
ചടങ്ങില്‍ മേയര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ കെ.എം ധരേശന്‍ ഉണ്ണിത്താന്‍, വൈസ് ചെയര്‍മാന്‍ പ്രൊഫ. ആര്‍.വി.ജി മേനോന്‍, പ്രൊഫ. വി.കെ ദാമോദരന്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി.സി അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.