വിമാനത്താവളങ്ങളില്‍ കുറഞ്ഞ ചെലവില്‍ഭക്ഷണമൊരുക്കി കുടുംബശ്രീയുടെ കഫേ കോര്‍ണർ

post

ആദ്യ കഫേ നെടുമ്പാശ്ശേരിയില്‍ പ്രവര്‍ത്തനം തുടങ്ങി

എറണാകുളം - കോവിഡ് കാലത്തും വിമാനത്താവളങ്ങളില്‍ പ്രവാസി യാത്രക്കാര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിക്ക് പരിഹാരമായി കുടുംബശ്രീയുടെ കഫേ കോര്‍ണര്‍. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ കുടുംബശ്രീ സ്ഥാപിക്കുന്ന കഫേ കോര്‍ണറുകളില്‍ ആദ്യത്തേത്ത് നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ കളക്ടര്‍ എസ്. സുഹാസ് കോര്‍ണറിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കോവിഡ് ഇളവുകളെ തുടര്‍ന്ന് കൂടുതല്‍ വിമാനങ്ങളെത്തുകയും ഭക്ഷണപാനീയങ്ങള്‍ സംബന്ധിച്ച് യാത്രക്കാരുടെ പരാതി ശ്രദ്ധയിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് കുടുംബശ്രീ ജില്ലാ മിഷനോട് പദ്ധതി തയാറാക്കാന്‍ നിര്‍ദേശിച്ചതെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. വിമാനത്താവളങ്ങളില്‍ രോഗനിര്‍ണയത്തിനുള്ള ആന്‍റിബോഡി പരിശോധന കൂടി ആരംഭിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം തങ്ങേണ്ടി വരുന്നുണ്ട്. കഫേ കോര്‍ണറില്‍ നിന്നും യാത്രക്കാര്‍ക്ക് ന്യായവിലയില്‍ ലഘുഭക്ഷണവും പാനീയങ്ങളും ലഭിക്കും.

കുന്നുകര, ചൂർണിക്കര പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളുടെ സൂക്ഷ്മ സംരംഭ യൂണിറ്റുകളാണ് നെടുമ്പാശ്ശേരിയില്‍ കഫേ കോര്‍ണറിന്‍റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് കുടുംബശ്രീ അംഗങ്ങള്‍ ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. 

പ്രളയ കാലത്ത് കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം സ്വതന്ത്രമായി ഒരു പ്രളയ കിറ്റ് പാക്കിംഗ് സെന്റർ ഏറ്റെടുത്ത് നടത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. കൊറോണ കാലത്തും ജനകീയ ഹോട്ടലുകൾ, സൈബർ ജാലകം തുടങ്ങി ഒട്ടനവധി ശ്രദ്ധേയ പ്രവർത്തനങ്ങൾ എറണാകുളം കുടുംബശ്രീ ഏറ്റെടുത്തിരുന്നു.