'ഇനി ഞാന്‍ ഒഴുകട്ടെ': മരുതൂര്‍ ഏലാ തോടിന് പുതു ജീവന്‍

post

തിരുവനന്തപുരം: ഹരിതകേരളം മിഷന്‍ നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ലക്ഷ്യമാക്കി നടപ്പാക്കുന്ന 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിയുടെ ഭാഗമായി  മരുതൂര്‍ ഏലാ തോടിനെ തെളിമയോടെ വീണ്ടെക്കുന്നതിനുള്ള ശുചീകരണ  യജ്ഞം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ജലസ്രോതസുകളെ ശുചിയായി നിലനിര്‍ത്തുകയെന്നത് ഓരോ വ്യക്തിയും ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും നീര്‍ച്ചാല്‍ പുനരുജ്ജീവനം ജനകീയമായി ഏറ്റെടുത്ത് നടപ്പിലാക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും  കളക്ടര്‍ പറഞ്ഞു. ജലസ്രോതസ്സുകളിലും പൊതുയിടങ്ങളിലും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഹരിത കേരളം മിഷനോടൊപ്പം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും കരകുളം ഗ്രാമപഞ്ചായത്തും സംയുക്തമായാണ് മരുതൂര്‍ ഏലാ തോട്‌തെളിനീര്‍ വീണ്ടെടുക്കല്‍ പദ്ധതി നടപ്പാക്കിയത്.തോടിന്റെ മൂന്നു  കിലോമീറ്റര്‍ ഭാഗം ആദ്യ  ദിനം ശുചീകരിച്ചു. മരുതൂര്‍ ജംഗ്ഷനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡി.ഹുമയൂണ്‍ പദ്ധതി വിശദീകരിച്ചു.

തൊഴിലുറപ്പ് തൊഴിലാളികള്‍, പ്രദേശവാസികള്‍, കരകുളം ഹരിതകര്‍മസേന, ആശാ വര്‍ക്കര്‍മാര്‍ ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയയുവജന സംഘടനകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ തുടങ്ങി ആയിരത്തിലധികം പേരുടെ പങ്കാളിത്തം കൊണ്ട് ശുചീകരണ യജ്ഞം ശ്രദ്ദേയമായി. വരും ദിവസങ്ങളില്‍ ബാക്കിയുള്ള രണ്ടു  കിലോമീറ്റര്‍ ഭാഗം ശുചീകരിക്കും.