കലക്ടര്‍ ഇടപെട്ടു; 29 വനിതാ ആര്‍ പി എഫ് ട്രെയിനികള്‍ക്ക് തമിഴ്‌നാട് പാസ് ലഭിച്ചു

post

കൊല്ലം : ദക്ഷിണ റെയില്‍വേയില്‍ ജില്ലയില്‍ നിന്നും നിയമനം ലഭിച്ച 29 വനിത കോണ്‍സ്റ്റബിള്‍മാര്‍ക്ക് പരിശീലനത്തിന് തമിഴ്‌നാട്ടിലെത്താന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഇടപെട്ടു സൗകര്യമൊരുക്കി.  ജൂലൈ ഒന്നിന് തിരുച്ചിറപ്പള്ളിയിലെ സോണല്‍ ട്രെയിനിംഗ് സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു കൊണ്ടുള്ള കത്ത് ലഭിച്ചെങ്കിലും തമിഴ്‌നാട്ടിലെ കടുത്ത ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം ഇവര്‍ക്ക് പാസ് ലഭിച്ചിരുന്നില്ല.

രണ്ട് തവണ  ആവശ്യമായ രേഖകള്‍ സഹിതം എന്‍ട്രി പാസിന് അപേക്ഷിച്ചുവെങ്കിലും തമിഴ്‌നാട് പാസ് നിരസിക്കുകയാണുണ്ടായത്. അനുവദിച്ച സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയില്ലെന്ന് മനസിലായതിനെ തുടര്‍ന്ന് ട്രെയിനികള്‍ ജൂണ്‍ 29 ന് ജില്ലാ കലക്ടറെ നേരില്‍ കണ്ട് സങ്കടം ബോധിപ്പിച്ചു.

ജില്ലാ കലക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു.  ജില്ലാ കലക്ടര്‍ അബ്ദുല്‍ നാസര്‍ തിരുച്ചിറപ്പള്ളി ജില്ലാ കലക്ടര്‍ ശിവരശുവിനെ നേരിട്ട് ഫോണില്‍ വിളിച്ച് പാസ് അനുവദിക്കാന്‍ അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ 20 മിനിറ്റിനകം പാസ് അനുവദിച്ചു കിട്ടി.

ഇന്നലെ(ജൂണ്‍30) രാവിലെ ഡ്രൈവര്‍ ഉള്‍പ്പെടെ 30 പേര്‍ അടങ്ങുന്ന സംഘം യാത്ര തിരിച്ചു.  നിശ്ചിത സമയത്തിനുള്ളില്‍ അവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസത്തോടെ ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി തമിഴ്‌നാട് അതിര്‍ത്തി കടന്നു. ആര്യങ്കാവ് ചെക്ക് പോസ്റ്റിലും ഇവരുടെ യാത്ര സുഗമമാക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ കലക്ടര്‍ നല്‍കിയിരുന്നു.