ദേശീയ സാഹസിക അക്കാദമിയുടെ പ്രവര്‍ത്തനം വിപുലമാക്കും

post

ഇടുക്കി : കേരള സംസ്ഥാന യുവജന ബോര്‍ഡിന്റെ കീഴില്‍ ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന  ദേശീയ സാഹസിക അക്കാദമിയുടെ  പ്രവര്‍ത്തനങ്ങള്‍  വിപുലമാക്കുന്നതിന്റെ ഭാഗമായുള്ള ഹോസ്റ്റല്‍ കം അഡ്മിനിസ്‌ട്രേറ്റീവ്  ബ്ലോക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം   കായിക  വകുപ്പ് മന്ത്രി ഇ. പി ജയരാജന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നിര്‍വ്വഹിച്ചു.യുവജനങ്ങള്‍ രാഷ്ട്രത്തിന്റെ സമ്പത്താണെന്നും പല രംഗങ്ങളിലും അവരുടെ ശ്രദ്ധേയമായ സാന്നിധ്യമുണ്ടാകുന്നുണ്ടെന്നും മന്ത്രി  പറഞ്ഞു.

രണ്ടു കോടി മുപ്പത്തിയൊന്ന് ലക്ഷം രൂപയുടെ നിര്‍മ്മാണ പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. നിലവിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്  ഹോസ്റ്റല്‍ ഉള്‍പ്പെടുന്ന  അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ  നിര്‍മ്മാണമാണ്  നടത്തുന്നത്. പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്,സാഹസിക പരിശീലന കേന്ദ്രം, 150 ആണ്‍കുട്ടികള്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റല്‍,  150 പേര്‍ക്ക് പങ്കെടുക്കാവുന്ന ട്രെയിനിംഗ്  സെന്റര്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, 72 പെണ്‍കുട്ടികള്‍ക്ക് താമസിക്കാനുള്ള ഹോസ്റ്റല്‍ സൗകര്യം , കാന്റീന്‍, ഭക്ഷണപ്പുര, വിശാലമായ  പാര്‍ക്കിംഗ് സൗകര്യം എന്നിവയും ഉണ്ടായിരിക്കും.  വീഡിയോ കോണ്‍ഫറന്‍സിനൊപ്പം ദേവികുളത്ത് നടന്ന യോഗത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് അധ്യക്ഷത വഹിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വേല്‍മയില്‍ ദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.സുരേഷ്‌കുമാര്‍, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ വി.സിജിമോന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ്.ബിന്ദു, വട്ടവട ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം അളകരാജ് തുടങ്ങിയവര്‍ സംസാരിച്ചു