നെല്ലറയാകാന്‍ പരിയാരം: കാര്‍ഷികമേഖലയില്‍ 1.83 കോടി രൂപയുടെ പദ്ധതികള്‍

post

കണ്ണൂര്‍ : കാര്‍ഷികമേഖലയുടെ വികസനത്തിന് ഒന്നേമുക്കാല്‍ കോടിയിലേറെ രൂപ ചെലവഴിക്കാനൊരുങ്ങി പരിയാരം ഗ്രാമപഞ്ചായത്ത്. തരിശ് പ്രദേശങ്ങള്‍ ഹരിത സമൃദ്ധമാക്കുന്നതിനുള്ള സുഭിക്ഷകേരളം പദ്ധതിയുള്‍പ്പെടെ ജില്ലാതല ആസൂത്രണസമിതി അംഗീകരിച്ച 11 പദ്ധതികളിലായി 1.83 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം പരിയാരം ഗ്രാമപഞ്ചായത്തിലെ കാര്‍ഷികമേഖലയില്‍ വിനിയോഗിക്കുന്നത്. ഇതിന്റെ 80 ശതമാനത്തിലധികവും ചെലവഴിക്കുന്നത് നെല്‍വയലുകളിലാണ്.

ഭൂവിസ്തൃതിയിലും ഉല്‍പാദനത്തിലും തളിപ്പറമ്പ ബ്ലോക്കിന്റെ നെല്ലറകളിലൊന്നായാണ് പരിയാരം പഞ്ചായത്തിനെ കണക്കാക്കുന്നത്. 13 പാടശേഖരസമിതികളുടെ കീഴിലായി 250 ഹെക്ടര്‍ നെല്‍വയലുകളിലാണ് ഇത്തവണ ഒന്നാംവിളനെല്‍കൃഷി ചെയ്തിട്ടുള്ളത്. നെല്‍കൃഷി വികസനം പദ്ധതിയിലുള്‍പ്പെടുത്തി കൃഷിഭവനിലൂടെ വിതരണം ചെയ്ത ഉമ, ജ്യോതി, മട്ട, ത്രിവേണി തുടങ്ങിയവയും ഭദ്ര, ജയ, ആതിര എന്നിവയുമാണ് പ്രധാന വിത്തിനങ്ങള്‍. നാടന്‍ വിത്തുകള്‍ കൃഷി ചെയ്യുന്ന പാരമ്പര്യ കര്‍ഷകരും ഇവിടെയുണ്ട്. കാഞ്ഞിരങ്ങാട് ചെനയന്നൂര്‍ കീത്തലെ വയലിലും, തിരുവട്ടൂര്‍, വായാട്, പാച്ചേനി, കുറ്റ്യേരി, കുപ്പം, പനങ്ങാട്ടൂര്‍തുടങ്ങിയ പ്രദേശങ്ങളിലെ വര്‍ഷങ്ങളായി തരിശിട്ടിരുന്ന 15ഹെക്ടര്‍ വയലുകളിലും നെല്‍കൃഷി തിരികെ കൊണ്ടുവരുന്നതിന് സുഭിക്ഷകേരളം പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. അവശേഷിക്കുന്ന തരിശിടങ്ങളില്‍ രണ്ടാം വിളക്കാലത്ത് കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് പാടശേഖരസമിതികളും കര്‍ഷകരും. 60 ഹെക്ടര്‍ സ്ഥലത്ത് പഞ്ചായത്തില്‍ പതിവായി രണ്ടാം വിള ചെയ്തു വരുന്നുണ്ട്. രണ്ടാം വിളക്കാലത്ത് നെല്‍കൃഷി ചെയ്യാത്ത ഇടങ്ങളില്‍ ഉഴുന്നും കൃഷി ചെയ്യുന്നു.

ലോക്ക് ഡൗണ്‍ കാലത്ത് പഞ്ചായത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് വലിയ തോതില്‍ ഉണര്‍വുണ്ടാകുന്നതിന് വിവിധ സംഘടനകള്‍, കുടുംബശ്രീ, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, സഹകരണ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍ വായനശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനം വഴിസാധിച്ചു. അതിഥി തൊഴിലാളികള്‍ പച്ചക്കറി കൃഷിയിലേക്കിറങ്ങിയതും ഏറെ ശ്രദ്ധേയമായി. ചിലഗ്രാമങ്ങള്‍ പൂര്‍ണ്ണമായും തരിശ് രഹിതമാക്കാന്‍ ഇതിനോടകം സാധിച്ചിട്ടുണ്ട്.ഹരിത കേരള മിഷന്റെ ഭാഗമായി പ്ലാവ്, മാവ്, പേര, സപ്പോട്ട തുടങ്ങിയ ഫല വൃക്ഷങ്ങളുടെ തൈകള്‍ ഉല്‍പാദിപ്പിച്ച് വീടുകളില്‍ വിതരണം ചെയ്യുകയും കാര്‍ഷിക കര്‍മസേനയുടെ സഹകരണത്തോടെ കൃഷിഭവന്‍ സംഘടിപ്പിച്ച ഞാറ്റുവേല ചന്തകള്‍ വഴി കര്‍ഷകര്‍ക്ക് ആവശ്യമായ നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. പഞ്ചായത്തിലേക്ക് ആവശ്യമായ പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിക്കുന്നതും കാര്‍ഷിക കര്‍മസേനയാണ്. പഞ്ചായത്ത് പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന ജൈവ വളവുംപഞ്ചായത്തിനകത്ത് തന്നെ ഉല്‍പാദിപ്പിക്കപ്പെടുന്നു എന്നതാണ് മറ്റൊരു സവിശേഷത. അമ്മാനപ്പാറയിലെ സമൃദ്ധി ചകിരി സംസ്‌കരണ യൂണിറ്റാണ് പദ്ധതി നിര്‍വ്വഹണത്തിനാവശ്യമായ ജൈവ വളം ഉല്‍പാദിപ്പിക്കുന്നത്.

290 ഹെക്ടറയിലായി നെല്‍കൃഷി ചെയ്യുന്നതിന് പുറമെ 20 ഹെക്ടര്‍ തരിശ് ഭൂമിയില്‍ നെല്‍കൃഷിയും, അഞ്ച് ഹെക്ടര്‍ തരിശ് ഭൂമിയില്‍ പച്ചക്കറികൃഷിയും, അഞ്ച് ഹെക്ടര്‍ തരിശില്‍ കിഴങ്ങ് വര്‍ഗ്ഗ കൃഷിയും ചെയ്തു വരുന്നുണ്ട്. ഇതോടൊപ്പം പച്ചക്കറി തൈകളുടെ വിതരണത്തിനുള്ള ജീവനി പദ്ധതി, തെങ്ങിന്‍ തൈ വിതരണം, വളം വിതരണം എന്നീ പദ്ധതികളിലൂടെയാണ് പരിയാരം ഗ്രാമപഞ്ചായത്ത് കാര്‍ഷികമേഖലയുടെ വികസനത്തിന് വഴിയൊരുക്കുന്നത്. ഇതിന് പുറമെ മുമ്പ് പുനംകൃഷിരീതിയില്‍ ചെയ്തു വരികയും പിന്നീട് അന്യം നിന്നു പോവുകയും ചെയ്ത മുത്താറി കൃഷിയും പുനരാരംഭിക്കുന്നതിന് സുഭിക്ഷാകേരളം പദ്ധതിയിലൂടെ സാധിച്ചു.

ജില്ലാ- ബ്ലോക്ക് പഞ്ചായത്തുകള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവിധ വകുപ്പുകള്‍ എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള പദ്ധതികളാണ് പഞ്ചായത്തില്‍ നടപ്പാക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ രാജേഷ്, വികസനകാര്യ  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എംടി മനോഹരന്‍, കൃഷി ഓഫീസര്‍ രമ്യാഭായി എന്നിവര്‍ നേതൃത്വം നല്‍കുന്നു.