കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പോലീസിന്റെ 'കവചം'

post

തിരുവനന്തപുരം: കുട്ടികള്‍ ശാരീരിക ലൈംഗിക പീഡനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ഇരയാകുന്നത് തടയാന്‍ കവചം എന്ന പേരില്‍ പൊലീസ് പുതിയ പദ്ധതി നടപ്പാക്കുന്നു. ഇതേ പേരില്‍ കണ്ണൂര്‍ റേഞ്ചില്‍ നടപ്പാക്കിയ പദ്ധതിയാണ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്. തുടര്‍ നടപടികള്‍ക്ക് ജില്ലാ പൊലീസ് മേധാവിമാരെ ചുമതലപ്പെടുത്തി. പദ്ധതിയുടെ പുരോഗതി സോഷ്യല്‍ പൊലീസിംഗ് വിഭാഗം ഐ. ജി വിലയിരുത്തും. 

ഇതിന്റെ ഭാഗമായുള്ള നടപടികള്‍ 

1. ദുര്‍ബല വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിംഗ്. ഇത്തരം കുടുംബങ്ങള്‍ക്ക് സമൂഹത്തിലെ മറ്റു വിഭാഗക്കാരുമായി ബന്ധവും വിശ്വാസ്യതയും സ്ഥാപിക്കുന്നതിന് ബീറ്റ് ഓഫീസര്‍മാര്‍ മുന്‍കൈയെടുക്കും. 

2. പ്രത്യേക കാരണമില്ലാതെ സ്‌കൂളില്‍ വരാത്ത കുട്ടികളേയും പ്രവൃത്തിസമയം അവസാനിക്കുന്നതിനു മുന്‍പ് സ്‌കൂള്‍ വിട്ടുപോകുന്നവരെയും കണ്ടെത്താന്‍ സ്‌കൂള്‍ സുരക്ഷാ സമിതികള്‍. കുട്ടികളോട് ചങ്ങാത്തം കൂടാന്‍ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. 

3. പോക്‌സോ കേസുകളിലെ അന്വേഷണത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം. മികച്ച അന്വേഷണത്തിനും വിചാരണയുടെ മേല്‍നോട്ടത്തിനും സമര്‍ത്ഥരായ ഉദ്യോഗസ്ഥരെ നിയോഗിക്കും. 

4. പോക്‌സോ നിയമപ്രകാരം ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കുറ്റവാളികളുടെ രജിസ്ട്രഷനും നിരീക്ഷണവും കര്‍ശനമാക്കും.